Current Date

Search
Close this search box.
Search
Close this search box.

‘നാം ഒന്ന്’; രാജ്യത്തുടനീളം മനുഷ്യച്ചങ്ങല ഒരുക്കി ലെബനാനിലെ പ്രക്ഷോഭകര്‍

ബെയ്‌റൂത്: കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ലെബനാനിലെ ജനകീയ പ്രതിഷേധം അടങ്ങുന്നില്ല. ദിവസങ്ങള്‍ പിന്നിടുമ്പോഴും സമരത്തില്‍ പങ്കെടുക്കുന്നവരുടെയും ഐക്യദാര്‍ഢ്യമര്‍പ്പിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചുവരികയാണ്. പ്രതിഷേധക്കാരെ തണുപ്പിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ രാജി എന്ന ആവശ്യത്തില്‍ നിന്നും ഒരടി പോലും പിന്നോട്ട് പോവാന്‍ സമരക്കാരും ഒരുക്കമല്ല.

വ്യത്യസ്ത രീതികളിലാണ് ഓരോ ദിനവും പ്രതിഷേധം അരങ്ങേറുന്നത്. ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യച്ചങ്ങല ഒരുക്കിയാണ് പ്രക്ഷോഭകര്‍ സമരത്തില്‍ അണിനിരന്നത്. ‘നാം ഒന്ന്’ എന്ന ആഹ്വാനവുമായി സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് 175 കിലോമീറ്ററാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. ആയിരക്കണക്കിന് പേരാണ് ചങ്ങലയില്‍ അണിനിരന്നത്. രാജ്യത്തിന്റെ വൈവിധ്യങ്ങളായ ജനസമൂഹങ്ങള്‍ ഒറ്റക്കെട്ടായാണ് ചങ്ങലയില്‍ കൈകോര്‍ത്തത്. കൂടാതെ പ്രധാന റോഡുകള്‍ ബാരിക്കേഡുകള്‍ വെച്ച് ഉപരോധിച്ചും വാഹനങ്ങള്‍ തടഞ്ഞും സമരത്തിലാണ്.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന ജനങ്ങള്‍ സര്‍ക്കാരിന്റെ എല്ലാ വാഗ്ദാനങ്ങളും നിരസിക്കുകയാണ്. നേരത്തെ വിഷയം ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്ന് അറിയിച്ച ലെബനാന്‍ പ്രസിഡന്റ് മൈക്കല്‍ ഓന്‍സിന്റെ ആവശ്യവും സമരക്കാര്‍ തള്ളിയിരുന്നു. സര്‍ക്കാര്‍ രാജി വെച്ചതിന് ശേഷമേ ചര്‍ച്ചക്ക് സന്നദ്ധമാകൂ എന്നാണ് പ്രക്ഷോഭകര്‍ പ്രസിഡന്റിനെ അറിയിച്ചത്.

സാമ്പത്തിക പ്രതിസന്ധിയും അഴിമതിയും പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സഅദ് ഹരീരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ജനങ്ങള്‍. സമരക്കാരെ തണുപ്പിക്കാന്‍ സര്‍ക്കാര്‍ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം സമരക്കാര്‍ തള്ളിക്കളയുകയായിരുന്നു.

Related Articles