Current Date

Search
Close this search box.
Search
Close this search box.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി ഭരണകൂട ഭീകരതയുടെ തുടര്‍ച്ച: സോളിഡാരിറ്റി

കോഴിക്കോട്: അട്ടപ്പാടി മേലേ മഞ്ചിക്കണ്ടിയില്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടല്‍ കൊലയെ കുറിച്ച് സ്ഥലം സന്ദര്‍ശിച്ച് പത്രസമ്മേളനം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് യു.എ.പി.എ 43 എഫ് വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയ പൊലീസ് നടപടി ഭരണകൂട ഭീകരതയുടെ തുടര്‍ച്ചയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. പി.എ പൗരന്റെ നേതൃത്വത്തിലുള്ള സംഘത്തോടാണ് ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ഫിറോസ് എം ഷെഫീഖിന് മുന്നില്‍ ഹാജരാവാന്‍ പൊലീസ് നോട്ടീസ് നല്‍കിയത്.

ഭരണകൂട ഭീകരതക്കും പൊലീസിന്റെ അമിതാധികാര പ്രയോഗങ്ങള്‍ക്കുമെതിരെ പ്രതികരിക്കുന്നവരെ അടിച്ചൊതുക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം നടപടികള്‍. പ്രതികരിക്കുന്നവരെയും വിയോജിക്കുന്നവരെയും യു.എ.പി.എ പോലുള്ള ഭീകരനിയമങ്ങള്‍ ഉപയോഗിച്ചും അധികാരമുപയോഗിച്ചും പേടിപ്പിക്കുകയാണ്. ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമെതിരായ വ്യക്തമായ നീക്കമാണ് പൊലീസ് ഇത്തരം നടപടികളിലൂടെ നടത്തുന്നത്.

പൊലീസ് വകുപ്പിന്റെ ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രി അമിതാധികാര പ്രയോഗത്തിന് അവരെ അഴിച്ചുവിട്ടുകൊണ്ടുള്ള പ്രതികരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യവാകാശ പ്രവര്‍ത്തകര്‍ക്കെതിരായ നടപടികളില്‍ നിന്ന് പൊലീസും സര്‍ക്കാറും പിന്മാറുകയും ഏറ്റുമുട്ടല്‍ കൊലയെകുറിച്ച് വിപുലമായ അന്വേഷണം നടത്തുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles