Current Date

Search
Close this search box.
Search
Close this search box.

അഞ്ച് വര്‍ഷത്തിനിടെ യു.എ.പി.എ ചുമത്തിയത് 5128 പേര്‍ക്കെതിരെ

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് യു.എ.പി.എ ചുമത്തിയത് 5128 പേര്‍ക്കെതിരെയെന്ന് റിപ്പോര്‍ട്ട്. 2015നും 2019നും ഇടയില്‍ മാത്രമാണ് ഇത്രയധികം പേര്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യു.എ.പി.എ ചുമത്തിയത്. രാജ്യസഭയില്‍ മുസ്‌ലിം ലീഗിന്റെ പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഈ കണക്ക് പുറത്തുവിട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് രാജ്യസഭയില്‍ മറുപടി നല്‍കിയത്. രാജ്യത്ത് മണിപ്പൂരിലാണ് ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ ചാര്‍ജ് ചെയ്തത്. 1798 ആണിത്. 2019ല്‍ മാത്രം 1948 പേരെയാണ് രാജ്യത്ത് യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ 270 പേര്‍ക്കെതിരെയാണ് ഈ വകുപ്പ് ചുമത്തിയത്. കേരളത്തില്‍ 14 പേര്‍ക്കെതിരെയും ഈ കരിനിയമം ചുമത്തിയിട്ടുണ്ട്.

അതേസമയം, ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) ഇപ്പോള്‍ നടപ്പാക്കാന്‍ പദ്ധതിയില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നല്‍കിയെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി അറിയിച്ചു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ തീര്‍ച്ചയായും ആശ്വാസ വാര്‍ത്തയാണിതെന്ന് അദ്ദേഹം പറഞ്ഞു. ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ പൗരനും നാട്ടില്‍ സമാധാനത്തോടെ ജീവിക്കണം. അതിനായി പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles