ഗുവാഹത്തി: അസമിലെ ലഖിംപൂര്‍ ജില്ലയില്‍ നടക്കുന്നത് വന്‍തോതിലുള്ള കുടിയൊഴിപ്പിക്കല്‍ യജ്ഞമെന്ന് റിപ്പോര്‍ട്ട്.
ലഖിംപൂര്‍ ജില്ലയില്‍ പാവ റിസര്‍വ് വനത്തിലെ 450 ഹെക്ടര്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച പുതിയ നീക്കം ആരംഭിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
299 കുടുംബങ്ങളുള്ള മൊഗുലി വില്ലേജിലെ 200 ഹെക്ടര്‍ ഭൂമി ചൊവ്വാഴ്ച അധികൃതര്‍ ഒഴിപ്പിക്കും. 200 ഓളം കുടുംബങ്ങളുള്ള അദസോന വില്ലേജിലെ ബാക്കി 250 ഹെക്ടര്‍ ഭൂമി അടുത്ത ദിവസങ്ങളിലും ഒഴിപ്പിക്കും. കുടിയൊഴിപ്പിക്കല്‍ യജ്ഞത്തിലൂടെ 500 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും, അവരില്‍ ഭൂരിഭാഗവും ബംഗാളി മുസ്ലീം സമുദായത്തില്‍ പെട്ടവരാണെന്നും വര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഒഴിപ്പിക്കല്‍ ഡ്രൈവിനായി 60 ലധികം എക്സ്‌കവേറ്ററുകളും ട്രാക്ടറുകളും 600 സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെന്ന് ലഖിംപൂര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് റൂണ നിയോഗ് പറഞ്ഞു. ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങള്‍ക്ക് ഈ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍ നല്‍കിയിട്ടുണ്ടെന്ന് ഇവിടുത്തെ താമസക്കാര്‍ അവകാശപ്പെട്ടു.
2017 മുതല്‍ പാവ റിസര്‍വ് വനത്തിന്റെ അതിര്‍ത്തി നിര്‍ണയ സ്തംഭം പലതവണ മാറ്റിയതായും കുടിയൊഴിപ്പിക്കല്‍ യജ്ഞത്തിന് മുന്നോടിയായി അതിര്‍ത്തി നിര്‍ണയിക്കുന്നതിന് ഏകപക്ഷീയമായ അടയാളപ്പെടുത്തല്‍ നടക്കുന്നുണ്ടെന്നും ഗ്രാമവാസികള്‍ ആരോപിച്ചിരുന്നു.