Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലില്‍ സര്‍ക്കാരിനെതിരെ കൂറ്റന്‍ പ്രതിഷേധം; നെതന്യാഹുവിനെ വഴിയില്‍ തടഞ്ഞു

തെല്‍അവീവ്: ഇസ്രായേലില്‍ മാസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മൂര്‍ധന്യാവസ്ഥയില്‍. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം തലസ്ഥാനമായ തെല്‍ അവീവില്‍ തെരുവിലിറങ്ങിയത്. ജുഡീഷ്യറിക്കു മേലുള്ള നെതന്യാഹു സര്‍ക്കാരിന്റെ പരിഷ്‌കരണമാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. നെതന്യാഹുവിനെ വഴി തടസ്സപ്പെടുത്തുന്നത് വരെയെത്തി പ്രതിഷേധം.

ജുഡീഷ്യറിയെ മാറ്റിമറിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പദ്ധതികളില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. നിയമനിര്‍മ്മാണ മേല്‍നോട്ടത്തിനുള്ള സുപ്രീം കോടതിയുടെ അധികാരങ്ങളില്‍ അസ്വീകാര്യമായ രീതിയില്‍ വെള്ളം ചേര്‍ക്കുന്നെന്ന് അവകാശപ്പെട്ട് കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് നടന്ന പ്രക്ഷോഭ പരമ്പരയിലെ ഏറ്റവും പുതിയതാണ് കഴിഞ്ഞ ദിവസത്തേത്.

തെല്‍ അവീവിലെയും മറ്റ് നഗരങ്ങളിലെയും പ്രധാന കവലകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു, ചിലര്‍ ജുഡീഷ്യല്‍ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജറുസലേമിലെ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.

ഇസ്രായേലിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന നെതന്യാഹുവിനെ തടഞ്ഞതിനെതുടര്‍ന്ന് ഹെലികോപ്റ്ററിലാണ് അദ്ദേഹം രക്ഷപ്പെട്ടത്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി ചര്‍ച്ച നടത്താനായിരുന്നു യാത്ര. പ്രതിഷേധത്തെത്തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ യാത്ര വെട്ടിച്ചുരുക്കി.

സെന്‍ട്രല്‍ തെല്‍അവീവിലെ പ്രതിരോധ മന്ത്രാലയത്തില്‍ വെച്ചായിരുന്നു ആദ്യം കൂടിക്കാഴ്ച ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്താന്‍ നെതന്യാഹു നിര്‍ബന്ധിതനാവുകയായിരുന്നു.

രാജ്യത്ത് നടക്കുന്ന ജുഡീഷ്യറി പരിഷ്‌കരണ പ്രതിഷേധങ്ങളേക്കാള്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെ അക്രമം, അശാന്തി, ഇസ്രായേല്‍ സമാധാന പ്രക്രിയയുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടത്തിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ ഭാഷ്യം.

Related Articles