Current Date

Search
Close this search box.
Search
Close this search box.

കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു

കോഴിക്കോട്: പരേതനായ കോഴിക്കോട് ഖാസി പള്ളിവീട്ടില്‍ മാമുക്കോയ ഖാസിയുടെ മകനും കോഴിക്കോട് മുഖ്യ ഖാസിയുമായ പരപ്പില്‍ മൂസ ബറാമിന്റകത്ത് കെ വി ഇമ്പിച്ചമ്മദ് ഹാജി (88) അന്തരിച്ചു. 2008ല്‍ സഹോദരന്‍ ഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ മരണത്തിന്ന് ശേഷം 2009ല്‍ ഖാസിയായി ചുമതലയേറ്റ അദ്ദേഹം 13 വര്‍ഷമായി കോഴിക്കോട് മുഖ്യഖാസി പദവി വഹിച്ചു വരികയായിരുന്നു.

1343ല്‍ ഖാസി ഫക്രുദ്ധീന്‍ ഉസ്മാനില്‍ ആരംഭിക്കുന്നതാണ് കോഴിക്കോട്ടെ ഖാസി പരമ്പര. സര്‍ക്കാര്‍ അംഗീകരിച്ച കോഴിക്കോട്ടെ ഔദ്യോഗിക ഖാസി കൂടിയാണ് അദ്ദേഹം. കോഴിക്കോട് താലൂക്കിലുള്‍പ്പെടുന്ന മഹല്ലുകളാണ് പ്രവര്‍ത്തന പരിധി. മാതാവ്: പരേതയായ കാട്ടില്‍വീട്ടില്‍ കുട്ടിബി. ഭാര്യ: കാമാക്കന്റകത്ത് പുതിയപുരയില്‍ (മൂസ ബറാമിന്റകം) കുഞ്ഞിബി. മക്കള്‍: മാമുക്കോയ, അലിനാസര്‍ (മസ്‌കത്ത്), ഹന്നത്ത്, നസീഹത്ത് (അധ്യാപിക MMLPS), സുമയ്യ, ആമിനബി. മരുമക്കള്‍: പള്ളിവീട്ടില്‍ അബ്ദുല്‍ മാലിക്, നാലകത്ത് അബ്ദുല്‍ വഹാബ്, മുല്ലാന്റകത്ത് അഹമ്മദ് കബീര്‍.

മയ്യിത്ത് നമസ്‌കാരം ശനിയാഴ്ച വൈകുന്നേരം 4.30 ന് കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍. തുടര്‍ന്ന് മിശ്കാല്‍ പള്ളി കോമ്പൗണ്ടിലെ പിതാവ് മാമുക്കോയ ഖാസിയുടെയും സഹോദരന്‍ നാലകത്തിന്റെയും ഖബറിടത്തിന് അരികെ ഖബറടക്കും. സാമൂഹ്യ- സാംസ്‌കാരിക മേഖലയിലും പൊതുപ്രവര്‍ത്തന രംഗത്തും സജീവ സാന്നിധ്യം അറിയിച്ച അദ്ദേഹം ഖാസി ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരി കൂടിയാണ്. പരമ്പരാഗത ഖാസിമാര്‍ അനുവര്‍ത്തിച്ചു വന്ന പോലെ കോഴിക്കോട്ടെ സാമൂതിരി രാജയുമായി നിറഞ്ഞ സൗഹൃദം പുലര്‍ത്തിപ്പോന്നിരുന്നു. ഇപ്പോഴത്തെ സാമൂതിരി കെ സി ഉണ്ണി അനുജന്‍ രാജയുമായി നിരവധി ചടങ്ങുകളില്‍ അദ്ദേഹം വേദി പങ്കിട്ടുണ്ട്.

വൈകുന്നേരം 5 മണിക്ക് കുറ്റിച്ചിറ സിയസ്‌കൊ ഹാളില്‍ വെച്ച് സര്‍വ്വകക്ഷി അനുശോചനം ചേരും. ഖാസിയോടുള്ള ആദര സൂചകമായി വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെ കുറ്റിച്ചിറയിലും പരിസരങ്ങളിലും കടകള്‍ അടച്ച് ഹര്‍ത്താലാചരിക്കും.

Related Articles