Current Date

Search
Close this search box.
Search
Close this search box.

തോക്ക് കേസ്, കേരള പോലീസിന്റേത് സംഘ്പരിവാര്‍ അനുകൂല മനോഭാവം: സോളിഡാരിറ്റി

കോഴിക്കോട്: കോട്ടയത്ത് തോക്കുകളും തിരകളും നിര്‍മിച്ചതിന് ആര്‍.എസ്.എസ് നേതാക്കളടക്കം പിടിയിലായതിനെ തുടര്‍ന്നുള്ള നടപടികള്‍ കേരള പോലീസിന്റെ സംഘ് പരിവാര്‍ അനുകൂല മനോഭാവം വെളിവാക്കുന്നതാണെന്ന് സോളിഡാരിറ്റി. മുസ്ലിം- പിന്നോക്ക വിഭാഗ പ്രതിനിധികള്‍ ലഘുലേഖ വിതരണം ചെയ്യുന്നതിനും പോസ്റ്ററൊട്ടിക്കുന്നതിനും യു.എ.പി.എയും ഭീകരനിയമങ്ങളും ചാര്‍ത്തുകയും മാധ്യമങ്ങളിലൂടെ നിറം പിടിപ്പിച്ച കഥകളുമുണ്ടാക്കി വിട്ടും അവരുടെ മാവോവാദി-അന്താരാഷ്ട്ര ഭീകരവാദി ബന്ധങ്ങള്‍ക്ക് തെളിവുകള്‍ പടച്ചുണ്ടാക്കുകയും ചെയ്യുന്ന പോലീസ് രാജ്യദ്രേഹത്തിന്റെയോ ഭീകരതയുടെ നടപടികളിലേക്ക് പോകാതെ ഈ കേസില്‍ സ്വീകരിക്കുന്ന നിഷ്‌ക്രിയതക്ക് തുല്യമായ ഉദാരത നിയമപാലനത്തിലെ വ്യക്തമായ അനീതിയാണ് പുറത്തുകൊണ്ടുവരുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു..

പൗരത്വ പ്രതിഷേധങ്ങളെയും കേന്ദ്രഭരണത്തിനെതിരായ സമരങ്ങളെയും തോക്കും മറ്റും വിതരണം ചെയ്ത് സംഘ്പരിവാറുകാരെ വിട്ട് ഭീതിപടര്‍ത്തി തടയാന്‍ നോക്കുന്നത് ഡല്‍ഹിയിലടക്കം നമ്മള്‍ കണ്ടു. ഡല്‍ഹിയില്‍ ക്രൂരമായ മുസ്ലിം വംശഹത്യയിലേക്കും നയിച്ചത് ഇതേ ആയുധ വിതരണമാണ്. കേരളത്തിലും സമാനമായ അക്രമങ്ങള്‍ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇത്തരം ആയുധ ശേഖരണങ്ങള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങളുമായി കോട്ടയത്തെ സംഘ്പരിവാറുകാരുടെ ആയുധ വിതരണത്തെ ബന്ധപ്പെടുത്താനോ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അത്തരം വിഷയങ്ങളിലേക്ക് ഈ സംഭവത്തില്‍ അന്വേഷണം നടത്താനോ കേരള പൊലീസ് തയ്യാറായിട്ടില്ല. അത് തികച്ചും പ്രതിഷേധാര്‍ഹമാണ്. വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടുകയും അടിയന്തരമായി പ്രതികളുടെ ഭീകരബന്ധങ്ങള്‍ അന്വേഷിക്കുകയും ചെയ്യണം. കേരളത്തെ ചോരക്കളമാക്കാനുള്ള സംഘ്പദ്ധതികള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് നഹാസ് മാള കൂട്ടിച്ചേര്‍ത്തു.

Related Articles