Current Date

Search
Close this search box.
Search
Close this search box.

വര്‍ദ്ധിച്ച് വരുന്ന വംശീയ അതിക്രമങ്ങള്‍ രാജ്യത്തിന് അപമാനം: കെ.എന്‍.എം

കോഴിക്കോട്: വര്‍ദ്ധിച്ച് വരുന്ന വംശീയ അതിക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും രാജ്യത്തിന്റെ യശസ്സിന് കളങ്കമേല്‍പിക്കുമെന്ന് കോഴിക്കോട് ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന നേതൃസംഗമം അഭിപ്രാപ്പെട്ടു. ജാര്‍ഖണ്ഡ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈയിടെയുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശങ്ക വളര്‍ത്തുന്നു. ആള്‍ക്കൂട്ടങ്ങളുടെ ക്രൂരമായ അക്രമണത്തിന് വിധേയരായി ജീവന്‍ നഷ്ടപ്പെട്ടവര്‍ പോലും പ്രതിപട്ടികയില്‍ ഇടംപിടിക്കുന്നത് അങ്ങേയറ്റം അപഹാസ്യമാണ്.

ഗോരക്ഷയുടെയും മതചിഹ്നങ്ങളുടെയും മറപിടിച്ച് ദലിത്-മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി അരികുവത്കരിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ ജനാധിപത്യ-മതനിരപേക്ഷ കൂട്ടായ്മകളോടൊപ്പം നില്‍ക്കണം. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വോട്ടുവിഹിതം കൂടുതല്‍ നേടുന്ന മതനിരപേക്ഷ കക്ഷികള്‍ ന്യൂനപക്ഷങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാനുള്ള ആര്‍ജവം കാണിക്കണം. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സുരക്ഷയും നിര്‍ഭയത്വവും നല്‍കാന്‍ കഴിയുമ്പോഴാണ് ഭരണകൂടത്തിന് അഭിമാനിക്കാന്‍ കഴിയുകയെന്നും സംഗമം ചൂണ്ടികാട്ടി.

സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, നൂര്‍മുഹമ്മദ് നൂര്‍ഷ, ഡോ.ഹുസൈന്‍ മടവൂര്‍, എച്ച്.ഇ മുഹമ്മദ് ബാബുസേട്ട്, പ്രൊഫ. എന്‍.വി അബ്ദുറഹിമാന്‍, എ. അസ്ഗര്‍ അലി, എം. അബ്ദുറഹിമാന്‍ സലഫി, മുഹമ്മദ് ഹാഷിം, എം.മുഹമ്മദ് മദനി,എം സ്വലാഹുദ്ദീന്‍ മദനി, അബ്ദുറഹിമാന്‍ മദനി പാലത്ത്, ഡോ. സുള്‍ഫിക്കര്‍ അലി,ഡോ.പി.പി അബ്ദുല്‍ഹഖ്, ഡോ.എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, സി. മുഹമ്മദ് സലീം സുല്ലമി, എം.ടി അബ്ദുസമദ് സുല്ലമി പ്രസംഗിച്ചു.

Related Articles