Current Date

Search
Close this search box.
Search
Close this search box.

ഉന്നത ഉദ്യോഗസ്ഥര്‍ വര്‍ഗീയ പ്രചാരണം നടത്തുന്നത് ഗൗരവമായി കാണണം: കെ.എന്‍.എം

കോഴിക്കോട്: സര്‍വീസില്‍ നിന്ന് വിരമിച്ചയുടന്‍ ഉന്നത പോലീസുദ്യോഗസ്ഥനായ സെന്‍കുമാര്‍ നടത്തിയ വര്‍ഗീയചുവയുള്ള പ്രസ്താവന ഗൗരവമായി കാണണമെന്ന് കോഴിക്കോട് ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ നിലപാടുകള്‍ സ്വാഭാവികമാണ്. എന്നാല്‍ രാഷ്ട്രീയ തിമിരം ബാധിച്ചവരായി ഉദ്യോഗസ്ഥര്‍ മാറുന്നത് തെറ്റിദ്ധാരണക്ക് കാരണമാകും.

ഇന്ത്യന്‍ ഭരണഘടനയെ പോലും ആദരിക്കാന്‍ കഴിയാത്തവര്‍ ഉന്നത ഉദ്യോഗങ്ങളില്‍ എങ്ങനെ നിഷ്പക്ഷത പുലര്‍ത്തുമെന്നത് ചിന്തിക്കണം. ഇത്തരം വിഷലിപ്തമായ പ്രചാരണം നടത്തുന്ന ഉദ്യോഗസ്ഥര്‍ വിരമിച്ചാലും അവരുടെ കാലത്തെ ന്യൂനപക്ഷ-ദലിത് വിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം. പ്രത്യേകിച്ച് കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഭീകരരരും തീവ്രവാദികളുമാക്കി മുദ്രയടിക്കാന്‍ ചിലര്‍ നടത്തിയ നീക്കങ്ങളുടെ നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ പുന:പരിശോധിക്കണം. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വ്യാപകമായ വിഭാഗീയത വളര്‍ത്താനുള്ള ശ്രമം നടക്കുന്നത് അധികാരികള്‍ കാണാതെ പോകരുതെന്നും യോഗം അഭിപ്രായപ്പെട്ടു. കേരള നവോത്ഥാന ചരിത്രം തുറന്നു പറയുകയെന്ന ഉദ്ദേശ്യത്തോട് കൂടി കെ.എന്‍.എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന നവോത്ഥാന സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി എട്ടിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും.

കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി, ഡോ.ഹുസൈന്‍ മടവൂര്‍, എം മുഹമ്മദ് മദനി, പ്രൊഫ. എന്‍.വി അബ്ദുറഹിമാന്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, എ.അസ്ഗറലി, എം അബ്ദുറഹ്മാന്‍ സലഫി,അബ്ദുറഹ്മാന്‍ മദനി പാലത്ത്, സ്വലാഹുദ്ദീന്‍ മദനി, മുഹമ്മദ് ഹാഷിം, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ. പി.പി അബ്ദുല്‍ ഹഖ്, ഡോ.സുല്‍ഫിക്കര്‍ അലി, ഡോ.എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി പ്രസംഗിച്ചു.

Related Articles