Current Date

Search
Close this search box.
Search
Close this search box.

ബാബരി മസ്ജിദ്: അന്തിമ വിധിയെ മറികടക്കാനുള്ള നീക്കം ആശങ്കാജനകം: കെ.എന്‍.എം

കോഴിക്കോട്: ബാബ്‌രി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി ജനുവരിയില്‍ പുറപ്പെടുവിക്കാനിരിക്കെ, അതിനെ മറികടക്കാനുള്ള നീക്കങ്ങള്‍ ആശങ്കാജനകമാണെന്ന് കോഴിക്കോട് ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന പ്രതിനിധി സംഗമം വിലയിരുത്തി. തീവ്രചിന്താഗതിക്കാരായ ചില സംഘടനകള്‍, അയോധ്യയെ സംഘര്‍ഷ ഭൂമിയാക്കാനുള്ള ഗൂഢശ്രമം ആരംഭിച്ചട്ടുണ്ട്. സുപ്രീം കോടതി വിധിയെ മറികടന്ന് നിയമനിര്‍മാണത്തിലൂടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. നൂറ്റാണ്ടുകളുടെ പൈതൃകമുള്ള പട്ടണങ്ങളുടെ പേരുകള്‍ മാറ്റികൊണ്ടുള്ള ഉത്തരവുകള്‍ മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ പരിഹാസ്യതക്ക് കാരണമാക്കും. ഭരണത്തിന്റെ പിന്‍ബലത്തോടെ തീവ്രവാദ സംഘങ്ങള്‍ അഴിഞ്ഞാടുന്നത് നിയന്ത്രിക്കണമെന്ന് കെ.എന്‍.എം. അഭിപ്രായപ്പെട്ടു.

ഡിസംബര്‍ എട്ടിന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന കെ.എന്‍.എം. ഉത്തരമേഖല ബഹുജന സമ്മേളനവും ഡിസംബര്‍16 ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ ദക്ഷിണമേഖല ബഹുജന സമ്മേളനവും വിജയിപ്പിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി, വൈസ് പ്രസിഡന്റുമാരായ ഡോ.ഹുസൈന്‍ മടവൂര്‍, പ്രൊഫ. എന്‍.വി അബ്ദുറഹിമാന്‍, കെ.ജെ.യു സെക്രട്ടറി എം മുഹമ്മദ് മദനി, സെക്രട്ടറിമാരായ എ.അസ്ഗറലി,ഡോ. പി.പി അബ്ദുല്‍ ഹഖ്, ഡോ.സുല്‍ഫിക്കര്‍ അലി, എം.ടി. അബ്ദുസമദ് സുല്ലമി എന്നിവര്‍ പ്രസംഗിച്ചു .ജില്ലാ മണ്ഡലം ചെയര്‍മാന്‍മാര്‍,കണ്‍വീനര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles