Current Date

Search
Close this search box.
Search
Close this search box.

സൗദി രാജകുമാരന്മാരുടെ അറസ്റ്റ്: പിന്നില്‍ മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് റിപ്പോര്‍ട്ട്

റിയാദ്: സൗദിയില്‍ രാജകുടുംബത്തിലെ മൂന്ന് രാജകുമാരന്മാരെ അറസ്റ്റു ചെയ്തതിനു പിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍.

കഴിഞ്ഞയാഴ്ചയാണ് സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്, മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ്, നായിഫ് രാജകുമാരന്റെ ഇളയ സഹോദരന്‍ നവാഫ് ബിന്‍ നായിഫ് എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സൗദി രാജാവിന്റെ അനുമതിയോടെയാണ് അറസ്‌റ്റെന്നും ഇവരുടെ അറസ്റ്റ് വാറണ്ടില്‍ സല്‍മാന്‍ രാജാവിന്റെ ഒപ്പ് ഉണ്ടെന്നും പ്രാദേശിക ഉറവിടം ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘അമേരിക്കയടക്കമുള്ള വിദേശശക്തികളുമായി കൂട്ടുച്ചേര്‍ന്ന് രാജ്യത്ത് അട്ടിമറി നടത്താന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നും ഇവര്‍ക്ക് വിദേശ ശക്തികളുമായി ബന്ധമുണ്ടെന്നും’ സൗദി കിരീടാവകാശി ആരോപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സൗദിയില്‍ തനിക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന മതനേതാക്കളെയും ആക്ടിവിസ്റ്റുകളെയും രാജകുമാരന്മാരെയും വ്യാപാരപ്രമുഖരെയും ജയിലിലടച്ച് അധികാരം ഉറപ്പിക്കാനുള്ള നിലവിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നീക്കമാണ് ഇതിനു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിന്‍ സല്‍മാന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളുടെ ഭാഗമാണ് ഇതെന്നും വ്യാപകമായ വിമര്‍ശനങ്ങള്‍ ഉണ്ട്. ഇതിനെ സാധൂകരിക്കുന്ന നിരവധി വാര്‍ത്തകള്‍ യു.എസ് മാധ്യമങ്ങളും അറബ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles