Current Date

Search
Close this search box.
Search
Close this search box.

കെ.ഐ.ജി വെസ്റ്റ് ഇഫ്താര്‍ സമ്മേളനം നടത്തി

കുവൈറ്റ് സിറ്റി:ഏകദൈവ വിശ്വാസത്തില്‍ അധിഷ്ടിതമായ ആദര്‍ശവും എല്ലാതര ഉച്ചനീച്ചതങ്ങള്‍ക്കും അതീതമായി മനുഷ്യരെ തുല്ല്യരായി കാണുന്ന കാഴ്ച്ചപ്പാടുമാണ് ഇസ്ലാമിനെ കാലാതിവര്‍ത്തിയായ ദര്‍ശനമാക്കുന്നതെന്ന് കേരള ജമാഅത്തെ ഇസ്ലാമി ശൂറ അംഗം ടി മുഹമ്മദ് വേളം പറഞ്ഞു. കെ.ഐ.ജി വെസ്റ്റ് മേഖല ഖൈത്താന്‍ മസ്ജിദ് അല്‍ ഗാനിമില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദൈവം കല്‍പിച്ച ആരാധനാനുഷ്ടാനങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം സഹജീവികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി അവര്‍ക്ക് വേണ്ടി നിലകൊള്ളുമ്പോഴാണ് ഇസ്ലാമിലെ ആത്മീയ അനുഭൂതി അനുഭവിക്കാന്‍ കഴിയൂവെന്ന് തുടര്‍ന്ന് പ്രസംഗിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.ടി. സുഹൈബും പറഞ്ഞു.

വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനെ എല്ലാ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കുന്ന മഹത് ഗ്രന്ഥമാണെന്നും മനുഷ്യന്റെ വിമോചനമാണ് ഖുര്‍ആന്‍ ലക്ഷ്യമാക്കുന്നതെന്നും ശേഷം പ്രഭാഷണം നിര്‍വ്വഹിച്ച ഇര്‍ഷാദിയ കോളേജ് അധ്യാപകന്‍ താജുദ്ധീന്‍ മദീനി പറഞ്ഞു. കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ ഉല്‍ ഘാടനം ചെയ്തു. കെ.ഐ.ജി വെസ്റ്റ് മേഖല പ്രസിഡന്റ് പി.ടി ശരീഫ് അധ്യക്ഷത വഹിച്ചു.

സൂറത്തുല്‍ ബഖ്റയെ ആസ്പദമാക്കി കെ.ഐ.ജി വെസ്റ്റ് മേഖല നടത്തി വരുന്ന ഖുര്‍ആന്‍ സ്റ്റഡി കോഴ്സില്‍ ഉന്നത മാര്‍ക്ക് കരസ്ഥമാക്കിയ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടന്നു. കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി, കെ.ഐ.ജി കേന്ദ്ര ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ്, കെ.ഐ.ജി കേന്ദ്ര ട്രഷര്‍ എസ്.എ.പി ആസാദ്, കെ.ഐ.ജി ഈസ്റ്റ് പ്രസിഡന്റ് റഫീഖ് ബാബു, കെ.ഐ.ജി ഈസ്റ്റ് ജനറല്‍ സെക്രട്ടറി സാജിദ് എ.സി., യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹനാസ് മുസ്തഫ, ബഷീര്‍ ബാത്ത, അസീസ് തിക്കോടി, ശബീര്‍ മണ്ടോളി, ശരീഫ് ഒതുക്കുങ്ങല്‍, മസ്തഫ ക്വാളിറ്റി ഫുഡ് സ്റ്റഫ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
കെ.ഐ.ജി വെസ്റ്റ് മേഖല ജനറല്‍ സെക്രട്ടറി മുഹമ്മദ് നജീബ് സി.കെ. സ്വാഗതവും അഫ്‌നാന്‍ യാസിര്‍ ഖിറാഅത്തും നടത്തി.

Related Articles