Current Date

Search
Close this search box.
Search
Close this search box.

ചാര്‍ട്ടേര്‍ഡ് വിമാനമൊരുക്കി കെ.ഐ.ജി. കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം കാരണം അന്താരാഷ്ട്ര വ്യോമ ഗതാഗതം പൂര്‍വസ്ഥിയിലെത്താത്തതിനാല്‍ അടിയന്തിരമായി നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികള്‍ക്ക് വേണ്ടി കേരള ഇസ്‌ലാമിക് ഗ്രൂപ് ഒരുക്കുന്ന ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം ജൂണ്‍ 17 ന് കോഴിക്കോട്ടേക്ക് പുറപ്പെടും. ഇന്‍ഡിഗോ വിമാന കമ്പനിയുമായി സഹകരിച്ചാണ് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് ഒരുക്കിയിരിക്കുന്നത്. കുവൈത്ത് സമയം ഉച്ചക്ക് 2 മണിക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിലെ ടെര്‍മിനല്‍ 1 ല്‍ പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി 8 മണിയോടുകൂടി കോഴിക്കോട് എത്തിച്ചേരും. 10 കുട്ടികളും 31 സ്ത്രീകളുമടക്കം 175 യാത്രക്കാരാണ് സംഘത്തിലുള്ളത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും എംബസിയുടെയും നിയമ നിര്‍ദേശങ്ങള്‍ പാലിച്ചും അനുമതികള്‍ നേടിയെടുത്ത ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ ഗര്‍ഭിണികള്‍, രോഗികള്‍, പ്രായമായവര്‍, ജോലി നഷ്ടപ്പെട്ടവര്‍, സന്ദര്‍ശക വിസയില്‍ വന്നവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കിയിട്ടുള്ളത്.

ചാര്‍ട്ടേര്‍ഡ് വിമാനത്തിന് വരുന്ന മൊത്തം ചെലവ് കണക്കാക്കി ബാക്കിവരുന്ന സംഖ്യ യാത്രക്കാര്‍ക്ക് പാരിതോഷികമായി യാത്ര പുറപ്പെടുന്നതിന് മുമ്പ് നല്‍കുമെന്നും യാത്ര പോകുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് കൊറന്റൈന്‍ സംവിധാനം ഒരുക്കാന്‍ സന്നദ്ധമാണെന്നും കണ്‍വീനര്‍ എസ് എ പി ആസാദ് അറിയിച്ചു.

കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് കെ. ഐ. ജി. പ്രഖ്യാപിച്ച ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിലേക്കുള്ള ബുക്കിംഗ് അവസാനിച്ചു. കൊച്ചിയിലേക്ക് ഇന്‍ഡിഗോയുടെയും കണ്ണൂരിലേക്ക് ജസീറയുടെയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളായിരിക്കും ഉണ്ടാകുക. പ്രസ്തുത വിമാനങ്ങള്‍ വെള്ളിയാഴ്ച കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടും.

Related Articles