Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബിയുടെ പത്‌നി ഖദീജയുടെ പേരിലൊരു തെരുവ്; എതിര്‍പ്പുമായി ഫ്രഞ്ച് തീവ്ര വലതുപക്ഷം

പാരിസ്: രാജ്യത്തെ മുനിസിപ്പാലിറ്റിയിലെ ഒരു തെരുവിന് മുഹമ്മദ് നബിയുടെ പത്‌നി ഖദീജ ബിന്‍ത് ഖുവൈലിദിന്റെ പേര് നല്‍കാനുള്ള സ്റ്റെയിന്‍ മുനിസിപ്പാലിറ്റിയുടെ തീരുമാനത്തനെതിരെ തീവ്ര വലതുപക്ഷം. വിവിധ രാഷ്ട്രങ്ങളില്‍ ചരിത്ര നിര്‍മിതിയില്‍ പങ്കാളികളായ, സമൂഹത്തില്‍ സ്വാധീനം ചെലുത്തിയ സ്ത്രീകളെ ആദരിക്കുന്നതിനും അവരുടെ പേരുകളില്‍ മുനുസിപ്പാലിറ്റിയിലെ തെരുവുകള്‍ അറിയപ്പെടുന്നതിനും ‘സ്ത്രീകളുടെ ഇടം’ എന്ന പദ്ധതിക്ക് പാരിസിന്റെ വടക്കന്‍ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്റ്റെയിന്‍ മുനിസിപ്പാലിറ്റി തുടക്കമിട്ടിരുന്നു. അതില്‍, ഖദീജ ബിന്‍ത് ഖുവൈലിദ്, അള്‍ജീരിയന്‍ വിമോചന പോരാളി ജമീല ബൂപാഷ, മൊറോക്കന്‍ സാമൂഹ്യശാസ്ത്രജ്ഞ ഫാത്വിമ മെര്‍നിസി, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രറ്റ തുന്‍ബര്‍ഗ് എന്നിവരുടെ പേരുകളുണ്ട്. ‘സ്ത്രീകളുടെ ഇടം’ പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ ഒരു തെരുവിന് ഖദീജ ബിന്‍ത് ഖുവൈലിദിന്റെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരെ ഇടപെടല്‍ നടത്തണമെന്ന് തീവ്ര വലതുപക്ഷ അംഗങ്ങള്‍ ഫ്രഞ്ച് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മുനിസിപ്പാലിറ്റിയല്‍ അറബ്, ആഫ്രിക്കന്‍ വംശജരുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സ്റ്റെയിന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെ ചിത്രങ്ങള്‍ തീവ്ര വലതുപക്ഷ അംഗങ്ങള്‍ പ്രസിദ്ധീകരിച്ചു. ‘മഹത്തായ പകരംവെക്കല്‍’ (The Great Replacement) സിദ്ധാന്തം ഫ്രാന്‍സിന് യഥാര്‍ഥ അപകടമാണെന്നതിന്റെ കൃത്യമായ തെളിവാണിതെന്ന് തീവ വലതുപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ഫ്രഞ്ച് വലതുപക്ഷ ചിന്തകനായ റെനോ കാമോയുടെ സിദ്ധാന്തമാണ് ‘മഹത്തായ പകരംവെക്കല്‍’. അറബ്, ആഫ്രിക്കന്‍, ലാറ്റിന്‍ വിഭാഗങ്ങള്‍ ജനസംഖ്യാ ഘടനയില്‍ മാറ്റം കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഗൂഢാലോചന ഫ്രാന്‍സിനെ പ്രതിസന്ധിയിലകപ്പെടുത്തുകയാണെന്നാണ് ഈ സിദ്ധാന്തത്തിലൂടെ അദ്ദേഹം വിവക്ഷിക്കുന്നത്.

ഈ സിദ്ധാന്തം വംശീയമാണെന്നും ഫ്രാന്‍സിലെ നിലവിലുള്ള സമൂഹങ്ങള്‍ക്കും ന്യനൂപക്ഷങ്ങള്‍ക്കുമെതിരെ വെറുപ്പ് വര്‍ധിപ്പിക്കുന്നതാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ഫ്രാന്‍സിലെ സ്റ്റെയിന്‍ മുനിസിപ്പാലിറ്റിയെ നയിക്കുന്നത് അള്‍ജീരിയന്‍ വംശജനായ ഇസുദ്ധീന്‍ തായ്ബിയാണ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles