Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയുടെ സാഹസിക കാഴ്ചകള്‍ ഒപ്പിയെടുത്ത് ഷഹന്‍ അബ്ദുല്‍ സമദ്

കോഴിക്കോട്: ഇന്ത്യയിലുടനീളം സഞ്ചരിച്ച് വിവിധ സാഹസിക കാഴ്ചകള്‍ തന്റെ ക്യാമറക്കണ്ണിലാക്കി നമ്മെ വിസ്മയിപ്പിക്കുകയാണ് 23 വയസ്സ് മാത്രമുള്ള യുവ ഫോട്ടോഗ്രാഫര്‍ ഷഹന്‍ അബ്ദുല്‍ സമദ്. കണ്ണൂര്‍ ജില്ലയിലെ താണ സ്വദേശിയായ ഷഹന്‍ ഇതിനോടകം രാജ്യത്തെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സാഹസിക ട്രാവല്‍ ഫോട്ടോഗ്രഫി മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. കോഴിക്കോട് സൗത്ത് ബീച്ചിനു സമീപം ഗുജറാത്തി സ്ട്രീറ്റിലെ ഗുദാം ആര്‍ട് കഫേയിലാണ് ‘യൂനിറ്റി ഇന്‍ ഡൈവേര്‍സിറ്റി’ എന്ന പേരില്‍ ഷഹന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ എട്ട് വര്‍ഷമായി നടത്തിയ ചെറുതും വലുതുമായ യാത്രകളില്‍ നിന്നും പകര്‍ത്തിയ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തത്. ഇന്ത്യയിലെ വിവിധ സമുദായങ്ങളുടെയും സമൂഹങ്ങളുടെയും വൈവിധ്യമാര്‍ന്ന ഉത്സവങ്ങള്‍, സാമൂഹിക ആചാരങ്ങള്‍, വിഭിന്ന ജനവിഭാഗങ്ങള്‍, ശാസ്ത്ര പ്രതിഭാസങ്ങള്‍, പ്രകൃതിയിലെ നിറക്കാഴ്ചകള്‍, പൈതൃക സ്മാരകങ്ങള്‍, നാഗരിക-ഗ്രാമീണ ജീവിതങ്ങള്‍ തുടങ്ങി നിരവധി ഫ്രെയിമുകളില്‍ നിന്നും തെരെഞ്ഞെടുത്ത അന്‍പതോളം ഫോട്ടോകളാണ് പ്രദര്‍ശനത്തിനുള്ളത്.

മൈസൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഫോട്ടോഗ്രാഫി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ് ഷഹന്‍. തന്റെ യാത്രകള്‍ അധികവും കോളജ് ക്ലാസുകള്‍ ലീവെടുത്താണെന്ന് ഷഹന്‍ പറഞ്ഞു. ഫെബ്രുവരി 22ന് ആരംഭിച്ച പ്രദര്‍ശനം 24ന് ഞായറാഴ്ച്ച രാത്രിയാണ് സമാപിക്കുക. കോഴിക്കോട് ആസ്പയര്‍ ടു ഇന്‍സ്പയര്‍ കൂട്ടായ്മയിലെ ഫെമിദാ അലി, ഗുദാം ആര്‍ട് കഫേ ഡയറക്ടര്‍ ബഷീര്‍ ബഡായക്കണ്ടി, ആര്‍ട്ട് ഗാലറി ഡയറക്റ്റര്‍ വി.സി റിജാദ്, ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയ അസോസിയേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

Related Articles