Current Date

Search
Close this search box.
Search
Close this search box.

പുതിയ വിദ്യാഭ്യാസ നയം; നിര്‍ദ്ദേശ സമര്‍പ്പണത്തിനുള്ള കാലയളവ് നീട്ടാന്‍ എം.പിമാര്‍ ഇടപെടണം: ലബീദ് ഷാഫി

കോഴിക്കോട്: ഡോ. കസ്തൂരിരംഗന്‍ കമ്മീഷന്‍ തയ്യാറാക്കിയ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയിലേക്ക് തിരുത്തലുകള്‍ നിര്‍ദ്ദേശിക്കാനുള്ള അന്തിമ തീയതി നീട്ടുന്നതിനായി കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ ഇടപെടണമെന്ന് എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ലബീദ് ഷാഫി ആവശ്യപ്പെട്ടു. എസ്.ഐ.ഒ കേരള ഘടകം കോഴിക്കോട് വിദ്യാര്‍ത്ഥിഭവനത്തില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഭാവി വിദ്യാഭ്യാസ നയങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സുപ്രധാന രേഖയെന്ന നിലക്ക് രാഷ്ട്രീയ പ്രേരിതമായ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സൂക്ഷ്മമായ വിലയിരുത്തലുകള്‍ നടക്കേണ്ടതുണ്ട്.

അഞ്ഞൂറോളം പേജ് വരുന്ന റിപ്പോര്‍ട്ടിന്‍മേലുള്ള നിര്‍ദ്ദേശങ്ങള്‍ ജൂണ്‍ അവസാനം കൊണ്ട് സമര്‍പ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം റിപ്പോര്‍ട്ട് ധൃതിയില്‍ നടപ്പിലാക്കാനുള്ള നീക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ഭാഷാ വൈവിധ്യങ്ങള്‍ പരിഗണിച്ചു കൊണ്ട് മറ്റ് പ്രാദേശിക ഭാഷകളിലേക്കും റിപ്പോര്‍ട്ട് ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകണം. ലോക്‌സഭയിലെ സുപ്രധാന പ്രതിപക്ഷമെന്ന നിലക്ക് കേരളത്തിലെ എം.പിമാര്‍ സവിശേഷമായി ഈ കാര്യം ഉന്നയിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്്ലാമി കേരള അസി.അമീര്‍ പി.മുജീബ്റഹ്മാന്‍ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ദേശീയ സെക്രട്ടറി ഷബീര്‍ കൊടുവള്ളി, സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, ജനറല്‍ സെക്രട്ടറി ടി.എ ബിനാസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Related Articles