Current Date

Search
Close this search box.
Search
Close this search box.

പുതിയ ദേശീയ വിദ്യാഭ്യാസനയം: സർക്കാർ ഫാഷിസ്റ്റ് അജണ്ട നടപ്പിലാക്കുന്നു – ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയം ഫാഷിസ്റ്റ് അജണ്ടയുടെ പ്രയോഗവൽക്കരണമാണെന്നും രാജ്യം പിന്തുടരുന്ന ബഹുസ്വരതയ്ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും ഫെഡറലിസത്തിനും വിരുദ്ധവും അവയെ തകര്‍ക്കുന്നതുമാണെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ എം.ഐ അബ്ദുൽ അസീസ് പ്രസ്താവിച്ചു. കോഴിക്കോട് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസനയം പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വെക്കാനോ ജനങ്ങളുടെയോ ജനപ്രതിനിധികളുടെയോ അഭിപ്രായം മുഖവിലക്കെടുക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നതു തന്നെയാണ് ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധത. രാജ്യത്തിന്റെ ബഹുസ്വരത, ഫെഡറൽ സിസ്റ്റം, മതേതരത്വം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ രേഖയ്ക്ക് സാധിക്കുന്നില്ല. ഒരു രാജ്യം ഒരു ഭാഷ, ഒരു സംസ്കാരം തുടങ്ങിയ സംഘ്പരിവാര്‍ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനാവശ്യമായ ഉപകരണമായി വിദ്യാഭ്യാസ സംവിധാനത്തെ മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണെന്നിരിക്കെ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ ഇടം നയരേഖയില്‍ ആവശ്യമായിരുന്നു. എന്നാല്‍, പ്രീപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസംവരെ കേന്ദ്ര അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് പുതിയ വിദ്യാഭ്യാസ രേഖ മുന്നോട്ട് വെക്കുന്നത്. ഇത് ഫെഡറല്‍ സംവിധാനത്തിൻറെ നഗ്നമായ ലംഘനമാണ്.

പിന്നാക്ക ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക അസ്തിത്വത്തെയോ രാഷ്ട്ര പുനര്‍നിര്‍മാണത്തിലെ അവരുടെ പങ്കാളിത്തത്തെയോ രേഖ മുഖവിലക്കെടുക്കുന്നില്ല. സംവരണത്തെ കുറിച്ച മൗനവും ചില ഭാഷകളുടെ പഠനത്തിന് കുറഞ്ഞ പ്രാധാന്യവും ഇതാണ് സൂചിപ്പിക്കുന്നത്. ഇന്ത്യാവൽക്കരണത്തിന്റെ മറവിൽ കാവിവൽക്കരണം നടപ്പിലാക്കുന്ന സംഘ്പരിവാറിന്റെ ഗൂഢോദ്ദേശമാണിത്. ഇത് രാജ്യത്തെ വിവിധ മത, ജാതി വിഭാഗങ്ങളുടെ താല്‍പര്യങ്ങളെ നിരാകരിക്കുന്നതും രാജ്യത്തെ ശിഥിലീകരിക്കുന്നതാണെന്നും അബ്ദുൽ അസീസ് പറഞ്ഞു. അസിസ്റ്റന്റ് അമീർ പി.മുജീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ, സെക്രട്ടറിമാരായ ശൈഖ്മുഹമ്മദ് കാരക്കുന്ന്, എം.കെ.മുഹമ്മദലി, ശിഹാബ് പൂക്കോട്ടൂർ, കളത്തില്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.

Related Articles