Current Date

Search
Close this search box.
Search
Close this search box.

മര്‍കസ് നോളജ് സിറ്റി ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൈതപൊയില്‍ കേന്ദ്രമായി ആരംഭിച്ച മര്‍കസ് നോളജ് സിറ്റി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിദ്യഭ്യാസം, ആരോഗ്യം, വ്യവസായം, കാര്‍ഷികം, താമസം തുടങ്ങിയ വിവിധ മേഖലകളില്‍ നിരവധി പദ്ധതികളാണ് മര്‍കസ് നോളജ് സിറ്റിയില്‍ സംവിധാനിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജ്, ലോ കോളേജ്, ബിസിനസ് സ്‌കൂള്‍, റിസര്‍ച്ച് സെന്റര്‍, ലൈബ്രറി, ഫോക്‌ലോര്‍ സ്റ്റഡി സെന്റര്‍, മീഡിയ ആന്‍ഡ് പബ്ലിഷിങ് ഹൗസ്, ജൈവ കേന്ദ്രം, കള്‍ച്ചറല്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ സെന്റര്‍, അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍, സ്‌പെഷ്യല്‍ നീഡ് സ്‌കൂള്‍, ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റര്‍, ഹോസ്പിറ്റല്‍, ബിസിനസ് സെന്റര്‍, വെല്‍നസ് സെന്റര്‍, ലൈഫ് സ്‌കില്‍ സെന്റര്‍, അപാര്‍ട്ട്‌മെന്റുകള്‍, സ്റ്റാര്‍ ഹോട്ടല്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നത്. 125 ഏക്കറില്‍ സംവിധാനിച്ച പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ ആണ്.

നേരത്തെ ഏറെ വിവാദമായ പ്രവാചകന്റെ തിരുകേശം എന്നവകാശപ്പെടുന്ന മുടി സൂക്ഷിക്കാനുള്ള ശഅ്‌റെ മുബാറക് മസ്ജിദ് എന്ന പേരിലുള്ള വലിയ പള്ളിയും മര്‍കസ് നോളജ് സിറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. മസ്ജിദിന്റെ നിര്‍മാണവും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിയ ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നോളജ് സിറ്റി ഭാരവാഹികള്‍ പറഞ്ഞു. കാരന്തൂര്‍ മര്‍കസില്‍ വെച്ച് നടന്ന സ്വാഗതസംഘം യോഗത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കമ്മിറ്റിയും രൂപീകരിച്ചു. ചടങ്ങില്‍ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതി വിശദീകരിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബ്ദുല്‍ കരീം ഹാജി ചാലിയം എന്നിവര്‍ സംബന്ധിച്ചു.

Related Articles