Current Date

Search
Close this search box.
Search
Close this search box.

പെരുന്നാള്‍ പ്രളയബാധിതരോടൊപ്പം

നാം ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ് എന്ന് പറയുന്നതിനേക്കാള്‍ ഇപ്പോള്‍ എനിക്കിഷ്ടം അനുഷ്ഠിക്കുകയാണ് എന്ന് പറയുന്നതാണ്. കേരളം പ്രളയക്കെടുതിയുടെ നടുവിലാണ്. മൃതശരീരം കിട്ടിയവരും അല്ലാത്തവരുമായി നിരവധി പേര്‍ മരണമടഞ്ഞു. രണ്ടു ലക്ഷത്തോളം ആളുകള്‍ക്ക് വീടു വിട്ട് ക്യാമ്പുകളില്‍ അഭയം തേടേണ്ടി വന്നു. ആയിരങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് വീട് നിന്നിരുന്ന ഇടം പോലും ഇല്ലാതായി. പലരുടെയും ജീവിതമാര്‍ഗ്ഗം തടസ്സപ്പെട്ടു. ആയിരക്കണക്കിന് കച്ചവടസ്ഥാപനങ്ങള്‍ വെള്ളത്തിലായി. കോടികളുടെ നഷ്ടം സംഭവിച്ചു.

ഈയൊരു സാഹചര്യത്തിലാണ് ബലിപെരുന്നാള്‍ കടന്നുവന്നിരിക്കുന്നത്. ഇബ്രാഹിം നബിയുടെ ജീവിതം അനുസ്മരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം സ്വപ്നം കാണുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത പേടിയും പട്ടിണിയുമില്ലാത്ത നാടിനുവേണ്ടി പണിയെടുക്കാന്‍ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്. ഉള്ളതിന്റെ പങ്കു വെപ്പാണ്
ഇസ്‌ലാം ആവശ്യപ്പെടുന്നത്. ഏറ്റവും പ്രിയപ്പെട്ടതുള്‍പ്പെടെ എല്ലാം നല്‍കാന്‍ സന്നദ്ധനായ ഇബ്രാഹിം പ്രവാചകന്റെ മാതൃക പിന്‍പറ്റുന്നവരുടെ മുമ്പില്‍ പെരുന്നാള്‍ ഉയര്‍ത്തുന്ന ചോദ്യം ‘എന്ത് കിട്ടുമെന്നതിനു പകരം
എന്ത് കൊടുക്കു’മെന്നതാണ്.

അതിനാല്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തി അതിനായി കരുതി വെച്ച
സംഖ്യ, എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്കായി നീക്കി വെക്കാം.
പെരുന്നാള്‍ നമസ്‌കാരവും ബലികര്‍മവും നിര്‍വഹിച്ച ശേഷം ആരോഗ്യം അനുവദിക്കുന്നവര്‍ക്കെല്ലാം നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ കര്‍മ്മ ഭൂമിയിലിറങ്ങാം. അപ്പോള്‍ നമ്മുടെ പെരുന്നാള്‍ എക്കാലത്തെക്കാളും പുണ്യകരവും പ്രതിഫലാര്‍ഹവും സുന്ദരവും മധുരതരവുമായിരിക്കും. ജാതി,മത, കക്ഷി ഭേദമന്യേ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കൊക്കെയും പെരുന്നാള്‍ മഹത്തായ അനുഗ്രഹമായി മാറുകയും ചെയ്യും. അല്ലാഹു നമ്മെയൊക്കെ ഇരുലോകത്തും അനുഗ്രഹിക്കട്ടെ.

ഏവര്‍ക്കും സ്‌നേഹോഷ്മളമായ ബലിപെരുന്നാള്‍ ആശംസകള്‍.

Related Articles