Current Date

Search
Close this search box.
Search
Close this search box.

കേരള പുനര്‍നിര്‍മാണം: പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ 500 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സംസ്ഥാനത്ത് 500 വീടുകള്‍ പുതുതായി നിര്‍മ്മിച്ചു നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച 1000 വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി താമസയോഗ്യമാക്കുമെന്നും മതിയായ രേഖകളില്ലാത്ത അനേകമാളുകളുടെ വീടുകള്‍ പൂര്‍ണമായി തന്നെ തകര്‍ന്നിട്ടുണ്ടെന്നും അവര്‍ക്ക് ഭൂമിയും വീടും നല്‍കുമെന്നും പീപ്പിള്‍സ് ഫൗണ്ടേഷന്‍ മുഖ്യ രക്ഷാധികാരി എം.ഐ അബ്ദുല്‍ അസീസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതലേ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ രംഗത്തുണ്ടായിരുന്നു. ഐഡിയല്‍ റിലീഫ് വിംഗു(IRW)മായി സഹകരിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ 6000ത്തിലേറെ ആളുകളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. സ്വന്തമായി ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തിയും സര്‍ക്കാര്‍ ക്യാമ്പുകളില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തും പ്രളയ ബാധിതര്‍ക്ക് ആശ്വാസമായി. 46000ത്തിലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണം, 20000ത്തിലധികം കുടുംബങ്ങള്‍ക്ക് വസ്ത്രം, 45000ത്തിലധികം പേര്‍ക്ക് ശുദ്ധജലം എന്നിവ ഈ കാലയളവില്‍ ലഭ്യമാക്കി. പ്രളയബാധിതര്‍ക്ക് വീടുകളിലേക്ക് തിരിച്ചു പോകുമ്പോള്‍ അവശ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ സസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ താത്ക്കാലിക സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥാപിച്ചിരുന്നു. അദ്ദേഹം പറഞ്ഞു.

പ്രളയാനന്തരം 7000ത്തിലേറെ വീടുകള്‍ ശുചീകരിച്ചു. കൂടാതെ ലൈബ്രറികള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ ധാരാളം സ്ഥാപനങ്ങളും വൃത്തിയാക്കി. 500ലേറെ കിണര്‍ ശുചീകരിച്ചു ഉപയോഗയോഗ്യമാക്കി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തുടനീളം 37000 വളണ്ടിയര്‍മാര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഓണം -പെരുന്നാള്‍ വേളയില്‍ സ്പെഷ്യല്‍ കിറ്റുകള്‍ വിതരണം ചെയ്തു. എത്തിക്കല്‍ മെഡിക്കല്‍ ഫോറവുമായി സഹകരിച്ച് പന്തളം, കുട്ടനാട്, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട 10000ത്തിലേറെ കുടുംബങ്ങള്‍ക്ക് അടുക്കള കിറ്റുകള്‍ വിതരണം ചെയ്യുകയുണ്ടായി.

പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. വീടുകളുടെ നിര്‍മാണവും താമസയോഗ്യമാക്കലും കൂടാതെ തൊഴില്‍ നഷ്ടപ്പെട്ട 500 പേര്‍ക്ക് തൊഴിലും നല്‍കും, വിവിധ ആശുപത്രികളുമായി സഹകരിച്ച് 4000 പേര്‍ക്ക് ഹെല്‍ത്ത്കാര്‍ഡുകള്‍ വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍ കിറ്റുകള്‍, ലാപ്ടോപ്പ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. വ്യക്തിഗത മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കുടിവെള്ള പ്രശ്നം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ശുദ്ധജല വിതരണം, നാശ നഷ്ടം സംഭവിച്ച പൊതു ലൈബ്രറികളുടെ പുനര്‍നിര്‍മാണം എന്നിവയും പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചു നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ആ രീതിയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കും. സാങ്കേതിക നടപടിക്രമങ്ങളുടെ ഫലമായി സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതില്‍ പ്രയാസം നേരിടുന്നവര്‍ക്കാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്. ജനകീയ ഫണ്ട് സമാഹരണത്തിലൂടെയാണ് പദ്ധതിക്കാവശ്യമായ പണം കണ്ടെത്തുന്നത്.

പിന്നാക്ക ജനവിഭാഗങ്ങളുടെയും പ്രദേശങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി 2012ല്‍ നിലവില്‍ വന്ന ജനസേവന കൂട്ടായ്മയാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍. തൊഴില്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ചികിത്സാ സഹായം, സേവന പ്രവര്‍ത്തനങ്ങള്‍, വീട്നിര്‍മാണം, ലഹരി മുക്ത ക്യാമ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചുവരുന്നു. എം.ഐ.അബ്ദുല്‍അസീസ് പറഞ്ഞു. പി.മുജീബ് റഹ്മാന്‍ (ചെയര്‍മാന്‍, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍).എം.കെ മുഹമ്മദലി. (ട്രസ്റ്റി, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍)പി.സി ബശീര്‍ (സെക്രട്ടറി, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍),എഛ്. ശഹീര്‍ മൗലവി. (ജമാഅത്തെ ഇസ്ലാമി. തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്,എം. മെഹബൂബ് (മേഖലാ പി.ആര്‍ സെക്രട്ടറി),ടി.ശാക്കിര്‍ (സംസ്ഥാന പി.ആര്‍ സെക്രട്ടറി എന്നിവരും വാര്‍ത്തസമ്മേളത്തില്‍ പങ്കെടുത്തു.

Related Articles