Current Date

Search
Close this search box.
Search
Close this search box.

പ്രളയം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് സഹായപ്രവാഹം

കോഴിക്കോട്: കേരളം നേരിട്ട മഹാപ്രളയത്തിന് സഹായഹസ്തവുമായി കടലിനക്കരെ നിന്നും സഹായപ്രവാഹം. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ കോടിക്കണക്കിനു രൂപയാണ് കേരളത്തിന് സഹായധനമായി നല്‍കിയത്. ഇതിനു പുറമെ അടിസ്ഥാന സാമഗ്രികളും ദുരന്തമുഖത്തേക്കുള്ള ഭക്ഷണ-മെഡിക്കല്‍ സഹായസാമഗ്രികളും അയച്ചു നല്‍കുന്നുണ്ട്.

35 കോടിയുമായി ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തര്‍ തന്നെയാണ് സഹായം നല്‍കിയവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് കേരളത്തിലെ പ്രളയബാധിതര്‍ക്കായി 5 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചത്. കൂടാതെ കേരളത്തിലേക്കുള്ള എയര്‍ കാര്‍ഗോ സര്‍വീസുകള്‍ക്ക് സൗജന്യ സേവനവും ഖത്തര്‍ എയര്‍വേസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ രംഗത്തിറങ്ങണമെന്നാവശ്യപ്പെട്ട് ആദ്യമായി ആഹ്വാനം നടത്തിയവ ഗള്‍ഫ് രാജ്യങ്ങളുടെ പട്ടികയിലാണ് യു.എ.ഇയുള്ളത്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം ട്വിറ്റര്‍,ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ അറിയിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലുമാണ് അദ്ദേഹം ഓൗദ്യോഗിക അക്കൗണ്ടിലൂടെ പോസ്റ്റിട്ടത്. ഈദുല്‍ അദ്ഹ സന്ദര്‍ഭത്തില്‍ കേരളത്തിലെ ദുരിത ബാധിതരെ സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും കേരളത്തിലെ ജനങ്ങള്‍ക്കുള്ള മാനുഷിക സഹായങ്ങളും പിന്തുണയും നല്‍കണമെന്നുമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കാനും അദ്ദേഹം എമിറേറ്റ് റെഡ് ക്രസന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ചയാണ് അദ്ദേഹം പോസ്റ്റിട്ടത്. ഇക്കാര്യമാവശ്യപ്പെട്ട യു.എ.ഇയിലെ പ്രമുഖ മാധ്യമങ്ങളിലെല്ലാം ഫുള്‍പേജ് പരസ്യവും യു.എ.ഇ നല്‍കി. തുടര്‍ന്ന് നിരവധി പേരാണ് അദ്ദേഹത്തിന് സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്.

കേരളത്തിലെ പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയും ആഹ്വാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന് (ആര്‍.സി.ഒ)അദ്ദേഹം നിര്‍ദേശം നല്‍കി. കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാവിധ പിന്തുണ നല്‍കുന്നതായി സഹായഹസ്തവുമായി ബഹ്‌റൈന്‍ രംഗത്തുണ്ടാവുമെന്നും പിന്നീട് ആര്‍.സി.ഒ വ്യക്തമാക്കി. കേരളത്തിലെ മഴക്കെടുതിയില്‍ അനുശോചനമറിയിച്ച് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹും രംഗത്തെത്തിയിരുന്നു. കേളത്തിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും രംഗത്തെത്തി.

Related Articles