ബംഗളൂരു: സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയതിനാല്‍ സ്വന്തം നിലക്ക് ഹിജാബ് അനുമതിയുള്ള സ്‌കൂള്‍ ആരംഭിക്കാനൊരുങ്ങി കര്‍ണാടക വഖഫ് ബോര്‍ഡ്.
മംഗളൂരു, ശിവമോഗ, ഹാസ്സന്‍, കൊടഗു, ബീജാപൂര്‍, ഹുബ്ബളി എന്നിവിടങ്ങളിലാണ് സ്‌കൂളുകള്‍ ആരംഭിക്കുകയെന്ന് കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദി അറിയിച്ചു. വഖഫ് ബോര്‍ഡായിരിക്കും ഇതിന് ഫണ്ട് ചെയ്യുക. ഇതിന്റെ പ്രഖ്യാപനം ഉടന്‍ തന്നെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മേ നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ വിദ്യാലയങ്ങള്‍ ആരംഭിക്കാനായി വഖഫ് ബോര്‍ഡ് 25 കോടി രൂപയാണ് നീക്കിവെച്ചത്. ബോര്‍ഡിന്റെയും സര്‍വകലാശാലകളുടെയും നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഈ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുക.
അതേസമയം, ഈ പദ്ധതിക്ക് സംസ്ഥാനത്തെ ഹിജാബ് വിലക്കുമായി ബന്ധമില്ലെന്നും നേരത്തെ തന്നെ ആരംഭിക്കാനിരുന്ന പദ്ധതിയാണെന്നും വഖഫ് ബോര്‍ഡ് അറിയിച്ചു. കോളേജില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കുമെന്നും അവര്‍ അറിയിച്ചു.