Current Date

Search
Close this search box.
Search
Close this search box.

ഉരുള്‍പൊട്ടല്‍ ദുരിത ബാധിത കുടുംബങ്ങള്‍ക്ക് കനിവ് ഗ്രാമം തണലൊരുക്കി

താമരശ്ശേരി: ഉരുള്‍പൊട്ടല്‍ ദുരിത ബാധിത കുടുംബങ്ങള്‍ക്ക് കട്ടിപ്പാറ കനിവ് ഗ്രാമം തണലൊരുക്കി. അന്തിയുറങ്ങുന്ന വീടുകള്‍ പ്രകൃതി ക്ഷോഭത്തില്‍പെട്ട് ഇല്ലാതായവര്‍ക്കാണ് കനിവ് ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റും പീപ്പിള്‍സ്് ഫൗണ്ടേഷനും ചേര്‍ന്ന് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.

കട്ടിപ്പാറ കനിവ് ഗ്രാമത്തില്‍ നടന്ന പരിപാടിയില്‍ 5 ഭവനങ്ങളുടെ താക്കോല്‍ദാനവും 8 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ രേഖകളും കൈമാറി.
പരിപാടിയുടെ ഉദ്ഘാടനം എം.കെ രാഘവന്‍ എം.പി നിര്‍വഹിച്ചു. ദുരന്തങ്ങളുണ്ടാകുമ്പോള്‍ സന്നദ്ധ- മത സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും ദുരിത ബാധിതരുടെ കണ്ണീരൊപ്പാനുള്ള ഇത്തരം കൂട്ടായ്മകള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. കനിവ് ഗ്രാമത്തിലേക്കുള്ള റോഡ് നവീകരണത്തിന് 5 ലക്ഷം രൂപ എം.പി ഫണ്ടില്‍നിന്ന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയുടെ രേഖാ കൈമാറ്റം കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.പി ബഷീര്‍ അധ്യക്ഷത വഹിച്ചു.പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.കെ അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു.

ബാംഗ്ലൂര്‍ എച്ച്.ഡബ്യു.എ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഹസന്‍കോയ ഭവന സമര്‍പ്പണം നിര്‍വ്വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സന്‍ സഫിയ അലി പദ്ധതി വിശദീകരിച്ചു.ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ്, ടി.ഷാക്കിര്‍,താമരശ്ശേരി തഹസില്‍ദാര്‍ സി.മുഹമ്മദ് റഫീഖ്,ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം,കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട്,വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഹിം,കനിവ് ഗ്രാമം പ്രസിഡണ്ട് പി.കെ അബ്ദുറഹിമാന്‍,ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ലാ പ്രസിഡണ്ട് ആര്‍.സി സാബിറ,വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി,മഹല്ല് പ്രസിഡണ്ട് സെയ്തൂട്ടി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

 

Related Articles