Current Date

Search
Close this search box.
Search
Close this search box.

കെ.എ സിദ്ദീഖ് ഹസന്‍; ഇനി ജനഹൃദയങ്ങളില്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ പ്രൊഫസര്‍ കെ.എ സിദ്ദീഖ് ഹസന്‍ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും.

ബുധനാഴ്ച രാവിലെ 8.30ന് കോഴിക്കോട് വെള്ളിപ്പറമ്പ് ജുമാമസ്ജിദില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മയ്യിത്ത് ഖബറടക്കി. ഖബറടക്കത്തിന് മുന്‍പ് നടന്ന മയ്യിത്ത് നമസ്‌കാരത്തിന് മകന്‍ ഫസലുറഹ്മാന്‍ നേതൃത്വം നല്‍കി. ചൊവ്വാഴ്ച വൈകീട്ട് നാല് മുതല്‍ രാത്രി 11 വരെ മൃതദേഹം വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്‌ലാം ക്യാമ്പസില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് പ്രിയനേതാവിനെ ഒരു നോക്കുകാണാനായി ജെ.ഡി.റ്റി ക്യാമ്പസിലേക്ക് ഒഴുകിയെത്തിയത്. പുലര്‍ച്ചെ വരെ ജനങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തി.

വിവിധ മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും നേതാക്കളും നേരിട്ടെത്തി ആദരാഞ്ജലികളര്‍പ്പിച്ചു. ജെ.ഡി.റ്റിയില്‍ വെച്ച് വിവിധ ഘട്ടങ്ങളിലായി നടന്ന മയ്യിത്ത് നമസ്‌കാരത്തിന് വിവിധ നേതാക്കള്‍ നേതൃത്വം നല്‍കി. രാവിലെ എട്ടിന് നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി.

ജമാഅത്തെ ഇസ്‌ലാമി ദേശീയ ഉപാധ്യക്ഷന്‍ ടി ആരിഫലി, മുസ്‌ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.കെ രാഘവന്‍ എം.പി, ബിനോയ് വിശ്വം എം.പി, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍. ഡോ. എം.കെ മുനീര്‍, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, പി.ടി.എ റഹീം എം.എല്‍.എ, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി കെ ഹംസ അബ്ബാസ്, മീഡിയവണ്‍ സി ഇ ഒ റോഷന്‍ കക്കാട്ട്, മാധ്യമം സി.ഇ.ഒ പി.എം സ്വാലിഹ്, ഒ അബ്ദുല്ല, എം.പി അഹമ്മദ്, എന്‍ജിനീയര്‍ മുഹമ്മദ് കോയ, സി.പി ഉമര്‍ സുല്ലമി, പി.എം.എ സലാം, പ്രൊഫ പി കോയ, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ടി.പി ചെറൂപ്പ, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി മുജീബ് റഹ്മാന്‍, ജമാല്‍ കൊച്ചങ്ങാടി, ഡോ. പി.കെ പോക്കര്‍, അഹ്മദ് ദേവര്‍കോവില്‍, നാസറുദ്ദീന്‍ എളമരം, ഇ.എം അബ്ദുറഹ്മാന്‍, എഴുത്തുകാരന്‍ കെ പി രാമനുണ്ണി, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, അഡ്വ. ടി സിദ്ദീഖ്, കെ.പി.എ മജീദ് തുടങ്ങിയവര്‍ ജെ.ഡി.റ്റിയിലും വീട്ടിലുമായി നേരിട്ടെത്തി ആദരാജ്ഞലികളര്‍പ്പിച്ചു.

വാര്‍ധക്യ സഹചമായ അസുഖങ്ങളെതുടര്‍ന്ന് ഏറെ കാലമായി വിശ്രമജീവിതം നയിക്കുകയായിരുന്നു പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്‍ ചൊവ്വാഴ്ചക്ക് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അന്തരിച്ചത്. കോഴിക്കോട് വെള്ളിപ്പറമ്പിലെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോഴിക്കോട് ഇഖ്‌റഅ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇസ്‌ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍, സംഘാടകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ ഇന്ത്യയിലെ അറിയപ്പെട്ട വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മുസ്ലിംകളുടെ ഭാവിയെക്കുറിച്ച് വ്യതിരിക്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അപൂര്‍വം നേതാക്കളില്‍ ഒരാള്‍.

കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ ഖദീജയുടേയും മകനായി 1945 മെയ് 5ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട് ഗ്രാമത്തില്‍ ജനിച്ചു. എറിയാട് കേരളവര്‍മ ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം ഫറോക്ക് റൗളത്തുല്‍ ഉലൂം അറബിക് കോളേജ്, ശാന്തപുരം ഇസ്‌ലാമിയ കോളേജ്, എന്നിവിടങ്ങളില്‍ പഠിച്ചു.

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും അഫ്ദലുല്‍ ഉലമയും ഒന്നാം റാങ്കോടെ എം.എ (അറബിക്)യും പാസായി. കോഴിക്കോട് ഗവര്‍ണ്‍മെന്റ് ടീച്ചേഴ്‌സ് െ്രെടനിങ് കോളേജില്‍ നിന്നും അറബി അധ്യാപനത്തിലുള്ള പരിശീലനം (എല്‍.ടി.ടി) നേടി. എറിയാട് ഗവ. എല്‍.പി സ്‌കൂളിലാണ് അധ്യാപന ജീവിതത്തിന്റെ തുടക്കം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കൊയിലാണ്ടി ഗവ. കോളേജ് എന്നിവിടങ്ങളില്‍ അറബിക് പ്രൊഫസറായി സേവനമനുഷ്ടിച്ചു.

കോഴിക്കോട് വെള്ളിപ്പറമ്പ് ജുമാമസ്ജിദില്‍ നടന്ന സിദ്ദീഖ് ഹസന്റെ മയിത്ത് ഖബറടക്ക ചടങ്ങ്‌.

1960 മുതലാണ് ജമാഅത്തെ ഇസ്‌ലാമിയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചത്. 1990 മുതല്‍ 2005 വരെ നീണ്ട 15 വര്‍ഷം ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. 2005ല്‍ ജമാഅത്ത് അഖിലേന്ത്യ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതല്‍ വരെ അഖിലേന്ത്യ ഉപാധ്യക്ഷനായിരുന്നു.

പത്രപ്രവര്‍ത്തനം, വിദ്യാഭ്യാസം, ജനസേവനം, മനുഷ്യാവകാശപോരാട്ടം, ഇസ്ലാമിക പ്രസ്ഥാനം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹം ഇന്ത്യയിലെ സാമൂഹിക,സാമുദായിക, വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനും സമുദ്ധാരണത്തിനും വേണ്ടി രൂപീകരിച്ച ‘വിഷന്‍ 2016’ എന്ന ബൃഹദ് പദ്ധതിയുടെ മുഖ്യശില്‍പിയാണ്. വിഷന്റെ ഇന്ത്യയിലെമ്പാടുമുള്ള അനേകം പ്രൊജക്ടുകള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷന്റെ പ്രഥമ ഡയറക്ടര്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, എ.പി.സി.ആര്‍, സൊസൈറ്റി ഫോര്‍ െ്രെബറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വിസ് സൊസൈറ്റി, സഹൂലത് മൈക്രോ ഫിനാന്‍സ് സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

ചേവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ഇന്ത്യ (CIGI) സാഫി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് (SIAS) എന്നിവ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തു,

മാധ്യമം ദിനപത്രത്തിന്റെ രൂപീകരണത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. മാധ്യമം പുറത്തിറക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ ചെയര്‍മാനായും, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ക്രെഡിറ്റ് ലിമിറ്റഡിന്റെ (അകഇഘ) അദ്ധ്യക്ഷനായും, ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും പ്രബോധനം വാരികയുടെ മുഖ്യപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ഒട്ടനവധി സ്ഥാപനങ്ങളുടെയും ട്രസ്റ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.

ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി എഴുതാറുണ്ടായിരുന്ന അദ്ദേഹം പ്രവാചക കഥകള്‍, ഇസ്‌ലാം ഇന്നലെ ഇന്ന് നാളെ,
തെറ്റിദ്ധരിക്കപ്പെട്ട മതം, ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ എന്നീ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഇസ്‌ലാം ദര്‍ശനം എന്ന ബൃഹത് ഗ്രന്ഥത്തിന്റെ രചനയില്‍ പങ്കാളിയായിരുന്നു. പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ സി.എന്‍ അഹ്മദ് മൗലവിയുടെ സ്വഹീഹുല്‍ ബുഖാരി പരിഭാഷയില്‍ പങ്കാളിയായി.

തുര്‍ക്കി,മലേഷ്യ, ബംഗ്ലാദേശ്, കുവൈത്ത്, സഊദി അറേബ്യ,ബഹ്‌റൈന്‍, ഒമാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ വിവിധ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

മുസ്‌ലിം സമുദായക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഇസ്‌ലാം ഓണ്‍ലൈന്‍ ഏര്‍പ്പെടുത്തിയ 2010 ലെ ഇസ്‌ലാമിക് ഓണ്‍ലൈന്‍ സ്റ്റാര്‍ അവാര്‍ഡ്
വിദ്യാഭ്യാസം, ജനസേവനം, മനുഷ്യാവകാശ പോരാട്ടം, ഇസ്ലാമിക പ്രസ്ഥാനം എന്നീ മേഖലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളും ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ സമുദ്ധാരണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ച് 2015ലെ ഇമാം ഹദ്ദാദ് എക്‌സലന്‍സ് അവാര്‍ഡ്.

രാജ്യത്തെ അധസ്ഥിത, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് നടപ്പാക്കിവരുന്ന ക്ഷേമപദ്ധതികളെ മുന്‍നിര്‍ത്തി ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം. പ്രൊഫ. സിദ്ദീഖ് ഹസന്റെ പേരില്‍ മേഘാലയയിലെ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ കെട്ടിടം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ: വി.കെ സുബൈദ, മക്കള്‍: ഫസലുറഹ്മാന്‍, സ്വാബിറ, ശറഫുദ്ദീന്‍, അനീസ്.

Related Articles