Current Date

Search
Close this search box.
Search
Close this search box.

കെ.എ സിദ്ദീഖ് ഹസന്‍: പ്രമുഖരുടെ അനുസ്മരണങ്ങള്‍

കോഴിക്കോട്: ചൊവ്വാഴ്ച അന്തരിച്ച ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്റെ വേര്‍പാടില്‍ മത-സാമൂഹിക -സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുസ്മരിച്ചു.

സയ്യിദ് സആദതുല്ലാഹ് ഹുസൈനി (അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്)

സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നിര്യാണത്തിലൂടെ നമുക്ക് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഒരു വലിയ നേതാവിനെയാണ് അല്ല, ഒരു സമ്പൂര്‍ണ മനുഷ്യനെയാണ് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. ആധുനിക യുഗത്തിലെ ഇസ് ലാമിക യുവതക്ക് പല മേഖലകളിലും മാതൃകാപരമായിരുന്നു അദ്ദേഹം. ചടുലത , ചലനാത്മകത , ധീരത, നിശ്ചയദാര്‍ഢ്യം ആവേശം , നിസ്വാര്‍ഥത നിഷ്‌കാമകര്‍മം, വ്യക്തിഗത പൊട്ടന്‍ഷ്യല്‍ മനസ്സിലാക്കുകയും അവ ഉപയോഗപ്പെടുത്തുകയും ചെയ്യല്‍,പ്ലാനിംഗ്, ദീര്‍ഘവീക്ഷണം, ഉയര്‍ന്ന കാഴ്ചപ്പാട്, തുടങ്ങിയ ബഹുമുഖ യോഗ്യതകളുടെ കുറവാണ് നമ്മുടെ അധ:പതനകാരണങ്ങളില്‍ പ്രധാനം. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം ഉപരിസൂചിത സദ്ഗുണങ്ങളുടെ തനിസ്വരൂപമായിരുന്നു. തന്റെ ഇത്തരം സവിശേഷതകളുപയോഗപ്പെടുത്തി അദ്ദേഹം ഇസ് ലാമിക പ്രസ്ഥാനത്തെയും ഇന്ത്യന്‍ മുസ് ലിംകളെയും സമ്പല്‍ സമൃദ്ധമാക്കുകയും അതുല്യമായ ഉപഹാരങ്ങള്‍ കൊണ്ട് സമൂഹത്തെ അനുഗ്രഹിക്കുകയും ചെയ്തു.

മീഡിയാ രംഗത്ത് സത്യത്തിന്റെയും നീതിയുടെയും കെടാവിളക്കായി മാധ്യമം ദിനപത്രത്തെ വളര്‍ത്തുകയും പുതിയൊരു മീഡിയാ യുഗത്തിന് സമാരംഭം കുറിക്കുകയും ചെയ്തു. രാജ്യത്ത് പലിശ രഹിത നിധിയുടെ നൂതനവും ശക്തവുമായ എ.ഐ.സി.എല്‍ എന്ന പദ്ധതിയുടെ ചിന്ത ഇദ്ദേഹത്തിന്റെ ബുദ്ധിയില്‍ നിന്നായിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിശ്വാസ സാഹോദര്യത്തിനും പരസ്പര സഹകരണത്തിനും ഊന്നല്‍ നല്‍കി പ്രവര്‍ത്തനമാരംഭിച്ച ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ സ്ഥാപകനേതാവും ഇദ്ദേഹമായിരുന്നു. ഇന്ന് അതൊരു പ്രസ്ഥാനമായി വളര്‍ന്ന് പന്തലിച്ചിരിക്കുന്നു.

*അസാധ്യമായതിനെ സാധ്യമാക്കുക* എന്ന കല നന്നായി അറിയുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹവുമായുള്ള എന്റെ അടുത്ത ബന്ധത്തിന് 22 വര്‍ഷത്തെ പഴക്കമുണ്ട്. ഇതിനിടയില്‍ പലപ്രാവശ്യം അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം പുതിയ പദ്ധതികള്‍ സമര്‍പ്പിക്കുമ്പോള്‍ കൂടെയുള്ളവരുടെ സഡന്‍ റിയാക്ഷന്‍ അതസാധ്യമാണെന്നും അത് നമ്മുടെ കഴിവിന്നതീതമാണെന്നുമായിരിക്കും.പക്ഷെ അദ്ദേഹം കാലവിളംബമില്ലാതെ തന്നെ അത് സാധ്യമാക്കി കാണിക്കുന്നതില്‍ വിജയം കൈവരിച്ച വ്യക്തിയായിരുന്നു.
മുസ്‌ലിം സമൂഹത്തിലെ പൗരപ്രമുഖരെയും ബഹുമുഖപ്രതിഭകളെയും രാജ്യത്തിന്റെ വ്യത്യസ്ത പദവികളിലുള്ള മുസ്‌ലിം യൗവനത്തെയും തിരിച്ചറിയുകയും അവരെ കൂട്ടിയോജിപ്പിച്ച് ചലിപ്പിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം അഗ്രഗണ്യനായിരുന്നു. വ്യക്തികളെ മനസ്സിലാക്കാനും അവരുടെ ഹൃദയങ്ങളെ ജീവിപ്പിക്കുവാനുമുള്ള അദ്ദേഹത്തിന്റെ സവിശേഷമായ കാലിബര്‍ *അസാധ്യമായതിനെ സാധ്യമാക്കുന്നതില്‍* വലിയ സഹായകമായി ഭവിച്ചുവെന്നതില്‍ ഒരു സംയയവുമില്ല.

എ.കെ ആന്റണി

പ്രൊഫസര്‍ കെ.എ സിദ്ദീഖ് ഹസന്റെ നിര്യാണത്തോടെ വലിയ സാമൂഹ്യ പ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി പറഞ്ഞു. മാറാട് സമാധാനം പുനസ്ഥാപിക്കാന്‍ സിദ്ദീഖ് ഹസന്‍ വലിയ പങ്കുവഹിച്ചെന്നും ആന്റണി അനുസ്മരിച്ചു.

അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള (മിസോറാം ഗവര്‍ണര്‍)

നന്മയുടെ പ്രകാശഗോപുരമായിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നു അന്തരിച്ച കെ.എ. സിദ്ദീഖ് ഹസനെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. ജമാഅത്തെ ഇസ്ലാമിയുടെ ചട്ടക്കൂട്ടിലൂടെ വാര്‍ത്തെടുത്ത ജീവിതത്തില്‍ സത്യവും ധര്‍മവിശുദ്ധിയും മറ്റു വിഭാഗങ്ങളില്‍പെട്ടവരോടുള്ള ഉല്‍ക്കടമായ സ്നേഹവും അദ്ദേഹം എപ്പോഴും പ്രകടിപ്പിച്ചിരുന്നു.

എന്റെ താമസസ്ഥലത്തിനടുത്ത് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ കേരള ആസ്ഥാനം വന്നശേഷം അദ്ദേഹവുമായി കൂടുതല്‍ അടുപ്പം എനിക്കുണ്ടായി. മാധ്യമം പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഇന്നത്തെ നിലയില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലപ്പെട്ടതായിരുന്നു എന്ന് നേരിട്ട് അറിയാവുന്ന ആളാണ് ഞാന്‍.

രണ്ടു പതിറ്റാണ്ട് മുന്‍പ് ഒരു റമദാന്‍ വ്രതക്കാലത്ത് ഞാനും എന്റെ നേതാവായിരുന്ന ദത്താത്രേയ റാവുവും കൂടി അദ്ദേഹത്തിന്റെ കോവൂരിലെ വസതിയില്‍ ബി.ജെ.പിയുടെ പ്രചാരണത്തിന്റെ ഭാഗമായി സമ്പര്‍ക്കത്തിന് പോയിരുന്നു. ആ അവസരത്തില്‍ അദ്ദേഹവും കുടുംബവും നോമ്ബുകാലമായിട്ടും എനിക്കും ദത്താത്രേയ റാവുവിനും ചായയും മറ്റും തന്ന് ഞങ്ങളോട് സൗഹൃദം പങ്കുവെച്ചത് ഓര്‍ക്കുകയാണ്? അദ്ദേഹത്തിന്റെ വേര്‍പാടോടെ ഒരു മാതൃകാ പൊതുപ്രവര്‍ത്തകനെയും ദൈവത്തിനുവേണ്ടിയുള്ള സമര്‍പ്പിത ജീവിതത്തിന്റെ ഉടമയെയുമാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

പന്ന്യന്‍ രവീന്ദ്രന്‍

പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്റെ വേര്‍പാട് മതനിരപേക്ഷതക്ക് ഉണ്ടായ നഷ്ടമെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പൊതുവിഷയങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ അത്ഭുതപ്പെടുത്തിയെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

പി.കെ കുഞ്ഞാലിക്കുട്ടി

പൊതുസമൂഹത്തിന് നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച നേതാവിനെയാണ് നഷ്ടമായതെന്ന് പികെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു

ഇ.ടി മുഹമ്മദ് ബഷീര്‍

ജനാബ് പ്രൊ. സിദ്ധീഖ് ഹസ്സൻ സാഹിബിന്റെ നിര്യാണം പണ്ഡിത കേരളത്തിന് ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത നഷ്ടമാണ്. സിദ്ധീഖ് ഹസ്സൻ സാഹിബിന് ഉയർത്തി പിടിച്ച വളരെ വിശാലമായ മൂല്യങ്ങളുണ്ട്. തന്റെ ജീവിതത്തിലെ ഓരോ ചലനത്തിനും അദ്ദേഹം കാണിച്ചു പോന്നിരുന്ന ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള ജീവിത ക്രമവും. ഏതൊരാൾക്കും അനുകരണീയാമായ ഒരു മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ അടുത്ത് പഠിച്ച ഒരാളാണ് ഞാൻ.
വാക്കിലൊ പ്രവർത്തിയിലൊ നടത്തത്തിലൊ സംസാരത്തിലൊ ഏതെങ്കിലും ഒന്നിൽ അളവിലെറേയായി പോവാതെ അദ്ദേഹം കാത്തു സൂക്ഷിച്ചുരുന്ന സൂഷ്മത പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വേഷവിധാനത്തിലും എന്തിനേറെ ധരിച്ച ചെരുപ്പിൽ പോലും അദ്ദേഹം കാണിച്ചിരുന്ന ആ ലാളിത്യം അതിനെ പിന്തുടരാൻ ആഗ്രഹിക്കുന്നുവെങ്കിലും നമ്മുടെ മനസ്സിന്റെ വലുപ്പ ചെറുപ്പം കൊണ്ട് പലപ്പോഴും അത് നമ്മളെ കൊണ്ട് സാതിക്കുന്നതല്ല. അദ്ദേഹത്തിന് ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ കാവലിനെ കുറിച്ചും ഇന്ത്യൻ രാഷ്ട്രീയത്തിൽ ന്യൂനപക്ഷത്തിനുള്ള കടമ്പകളെ കുറിച്ചും അത് തരണം ചെയ്യാനുള്ള മാർഗങ്ങളെ കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപാടുണ്ടായിരുന്നു. തന്റെ മനസ്സിൽ നിന്ന് രൂപപ്പെട്ട ആ ആശയത്തെ മുമ്പിൽ വെച്ച് കൊണ്ട് പ്രവർത്തന വീഥിയിൽ കൂടെ അദ്ദേഹം നടത്തം ആരംഭിക്കുകയും ചെയ്തു.
വടക്കേ ഇന്ത്യയിൽ റിലീഫ് പ്രവർത്തനത്തിന് പോവുന്ന സമയത്തൊക്കെ മിഷൻ 2020 പ്രകാരം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നു വന്നിട്ടുള്ള പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. എത്രയോ കാലമായി നമ്മൾ സെമിനാറുകളിലും സംഭാഷണങ്ങളിലും ചർച്ച നടത്താറുള്ള കാര്യമായിരുന്നു ഇവിടെ സർവ്വ ശക്തൻ നൽകിയ അനുഗ്രഹങ്ങൾ അത് വിജ്ഞങ്ങളിലാവട്ടെ സാമ്പത്തുകൊണ്ടാവട്ടെ മനുഷ്യ വിഭവ ശേഷിയുടെ സമ്പന്നത കൊണ്ടാവട്ടെ ഏതായിരുന്നാലും അവയെല്ലാം തന്നെ വടക്കേ ഇന്ത്യയിലെ പ്രാന്തവത്കരിക്കപ്പെട്ടവർക്ക് കയറ്റുമതി ചെയ്യാനുള്ള ബാധ്യത നമുക്കുണ്ടെന്ന തിരിച്ചറിവ് വൈകീട്ടും നമ്മുക്ക് ഉണ്ടായില്ല. വടക്കേ ഇന്ത്യയുടെ ഗ്രാമ വീഥികളിൽ ചില ശോഭനമായ ചിത്രങ്ങൾ വന്ന് കൊണ്ടിരുന്നു.
അതിന്റെ ഫലം കണ്ട് തുടങ്ങിയോ എന്ന് ചോദിച്ചാൽ തീർത്തു പറയാൻ പറ്റില്ല കാരണം ഇനിയും സമയമെടുത്തേക്കാം. അവർ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ എത്രയോ പിറകിലാണ് നമ്മളോടപ്പം എത്താൻ ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന് നിർവചിക്കാൻ കഴിയാത്ത വിധത്തിലാണ്. അവരുടെ ഗ്രൗണ്ടുകൾ നിൽക്കുന്നത്.
ഏതായിരുന്നാലും അത്തരം വിപരീത സാഹചര്യങ്ങളില്ലാം തന്നെ തനിക്ക് ശരീര ശക്തിയുള്ള സമയത്തൊക്കെ തന്നെ വിശ്രമമില്ലാതെ അദ്ദേഹം പ്രവർത്തിച്ചു.

എം.ഐ അബ്ദുല്‍ അസീസ്

പ്രസ്ഥാനത്തിനപ്പുറത്തും വിവിധ തുറകളിലുള്ള നേതാക്കളുടെയും സാധാരണക്കാരുടെയും ഹൃദയത്തില്‍ ഇടം പിടിച്ച നേതാവായിരുന്നു സിദ്ധീഖ് ഹസനെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ‘ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുമായുള്ള സജീവ ബന്ധം, മനുഷ്യ സ്‌നേഹത്തിന്റെ ഉജ്വല മാതൃക, അവിരാമവും വിശ്രമ രഹിതവുമായ കര്‍മോല്‍സുകത കൊണ്ട് ആരേയും വിസ്മയിപ്പിച്ച പ്രതിഭാശാലി, പ്രതിക്ഷാപൂര്‍വം ഭാവിയിലേക്ക് ഉറ്റുനോക്കിയ നേതാവ് , ധൈര്യവും സ്ഥൈര്യവും ദീര്‍ഘ വീക്ഷണവും സാഹസികതയും ഒരുപോലെ സമ്മേളിച്ച വ്യക്തിത്വം. അങ്ങനെ സിദ്ദീഖ് ഹസന്‍ സാഹിബിനെ വിശേഷിപ്പിക്കാന്‍ ഒരുപാടുണ്ട്.’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

ജീവിത വിശുദ്ധിയും ലാളിത്യവും മുഖമുദ്രയാക്കി ജീവിതം സൂക്ഷ്മതയോടെ ജീവിച്ച മഹദ് വ്യക്തിത്വത്തിനുടമയായിരുന്നു പ്രൊഫസര്‍ കെഎ സിദ്ദീഖ് ഹസന്‍ സാഹിബ്. ആശയപരമായി ഭിന്നതയുള്ളവര്‍ക്ക് പോലും അദ്ദേഹത്തെ ആദരവോടെയല്ലാതെ ഓര്‍ക്കാനാവില്ല. അത്രമേല്‍ ഹൃദയത്തില്‍ തൊട്ടായിരുന്നു അദ്ദേഹം ബന്ധങ്ങള്‍ കാത്ത് സൂക്ഷിച്ചിരുന്നത്. ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിസ്വാര്‍ത്ഥമായി അദ്ദേഹം നിര്‍വ്വഹിച്ചു.ഒരു ജീവിതക്രമമെന്ന നിലയില്‍ ഇസ്ലാമിക സംഹിതകളെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. സക്കാത്തിന്റെ വിനിയോഗവും ഇസ്ലാമിക സാമ്പത്തിക നിയമങ്ങളും വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ ബോധവത്കരണവുമൊക്കെ അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളും ചര്യയുമായിരുന്നു.

സി. രാധാകൃഷ്ണന്‍

മാപ്പില്ലാത്ത തെറ്റില്ല എന്നായിരുന്നു അദ്ദേഹത്തിന്റ ദര്‍ശനം. മാപ്പില്ലാത്തത് താന്‍ ഒരാള്‍ക്ക് മാത്രം എന്നുകൂടി അദ്ദേഹം വിശ്വസിച്ചു എന്ന് എനിക്ക് തോന്നുന്നു. തനിക്ക് പറ്റിപ്പോയ ഏതോ ചെറിയ ശ്രദ്ധക്കുറവുകള്‍ ജീവിതാവസാനംവരെ അദ്ദേഹത്തെ വേദനിപ്പിച്ചുകൊണ്ടിരുന്നു. എനിക്ക് മനസ്സിലായേടത്തോളം അതെല്ലാം നന്നെ ചെറിയ കാര്യങ്ങളായിരുന്നു. പക്ഷേ, തന്നോടു മാത്രം മാപ്പില്ല എന്ന നിലപാടിന് ഒരു മാറ്റവും ഉണ്ടായില്ല. മതമെന്നത് പ്രസംഗിക്കാനുള്ളതല്ല, പ്രയോഗിച്ചു കാണിക്കാനുള്ളതാണ് എന്ന് അദ്ദേഹം കരുതി. സമത്വത്തിന്റയും സമാധാനത്തിന്റെയും സന്ദേശം ജീവിതത്തില്‍ എങ്ങനെ പകര്‍ത്താം എന്ന് ലോകത്തെ ബോധ്യപ്പെടുത്തുക കൂടി ചെയ്തു. എന്റെ വിശ്വാസപ്രമാണം വ്യത്യസ്തമാണ്. പക്ഷേ, അതനുസരിച്ച് ജീവിക്കാന്‍ എനിക്ക് അവകാശമുണ്ട്, എവിടെ ജീവിക്കുമ്പോഴും നന്മ വിളയുന്ന മരത്തിന്റെ പ്രകൃതം ഇതാണ്, ഇത് താങ്കള്‍ക്കും സ്വീകാര്യമല്ലാതിരിക്കാന്‍ ഒരു ന്യായവുമില്ല, വിശ്വാസം എന്തായാലും മനുഷ്യനായ ഞാന്‍ താങ്കളുടെ സഹോദരന്‍ അല്ലാതാകുന്നില്ല എന്നൊക്കെയുള്ള നിലപാടിലാണ് അദ്ദേഹം നിന്നത്.

എം.എ. യൂസുഫലി

എഴുത്തുകാരന്‍, പണ്ഡിതന്‍, അധ്യാപകന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ നാടിന്റെ മതസാമൂഹ്യസാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന ഇന്ന് രാവിലെ അന്തരിച്ച ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രൊഫ. സിദ്ദിഖ് ഹസനെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി പറഞ്ഞു.’സമൂഹ നന്മക്കായും വിവിധ ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായും വിദ്യാഭ്യാസപരമായി സമൂഹത്തെ ഉയര്‍ത്താന്‍ നിസ്വാര്‍ത്ഥ സേവനം കാഴ്ചവെച്ച അദ്ദേഹം എല്ലാവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മനുഷ്യസ്‌നേഹി കൂടിയായിരുന്നു.’ അദ്ദേഹം പറഞ്ഞു

ഡോ. ഹുസൈന്‍ മടവൂര്‍

ഫാറൂഖ് റൗസത്തുല്‍ ഉലൂമില്‍ പഠിക്കുന്ന കാലത്താണ് സിദ്ധീഖ് ഹസന്‍ സാഹിബിനെ പരിചയപ്പെട്ടത്. അദ്ദേഹവും അവിടെ തന്നെയാണ് പഠിച്ചത്. ഞാന്‍ അവിടെ അദ്ധ്യാപകനും പ്രിന്‍സിപ്പാളുമായ കാലത്ത് പലപ്പോഴും അദ്ദേഹം അവിടെ വന്നിട്ടുണ്ട്. ഫാറൂഖ് കോളെജില്‍ വരുമ്പോഴെല്ലാം ഞങ്ങളുടെ ഗുരുനാഥന്‍ മൗലവി മുഹമ്മദ് കുട്ടശേരിയെയും പ്രൊഫസര്‍ വി.മുഹമ്മദ് സാഹിബിനെയും സന്ദര്‍ശിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു.

കുറച്ച് മാത്രം സംസാരിക്കുകയും കൂടുതല്‍ ചിന്തിക്കുകയും അതിലേറെ പ്രവര്‍ത്തിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അദ്ദേഹം ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളില്‍ നിറഞ്ഞ് നിന്ന കാലത്ത് ഞാന്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ സജീവ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചല്ല അദ്ദേഹത്തിന് സംസാരിക്കാനുണ്ടായിരുന്നത്. ബുദ്ധിജീവികള്‍ക്കും സാധാരണക്കാര്‍ക്കും ഇസ്ലാം ഒരു ജീവിത ക്രമമെന്ന നിലക്ക് പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകത. സകാത്ത് മനുഷ്യോപകാരപ്രദമായ വിധം സംഭരിച്ച് വിതരണം ചെയ്യല്‍, ഇസ്ലാമിക സാമ്പത്തിക നിയമങ്ങള്‍ പൊതുജനങ്ങളെ പഠിപ്പിക്കല്‍, വിദ്യാഭ്യാസ തൊഴില്‍ രംഗങ്ങളില്‍ ബോധവല്‍ക്കരണം, ആതുര ശുശ്രൂഷ, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളായിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങള്‍.

എല്ലാവരുമായി നല്ല ബന്ധം കാത്തു സൂക്ഷിച്ച് പോന്ന മാന്യനായ ഒരു മനുഷ്യന്‍. വിനയവും ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അതിനാല്‍ തന്നെ എല്ലാവരുടെയും സ്‌നേഹ ബഹുമാനങ്ങള്‍ ലഭിച്ച അപൂര്‍വ്വം വ്യക്തികളിലൊരാളായിരുന്നു അദ്ദേഹം.
ഞാന്‍ നാട്ടിലില്ലാത്തതിനാല്‍ ജനാസ സന്ദര്‍ശിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖിക്കുന്നു.

കെ.പി രാമനുണ്ണി

സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ പ്രൊഫ.സിദ്ദീഖ് ഹസന്‍ നടത്തിയത്? പക്വതയാര്‍ന്ന പ്രതികരണങ്ങളായിരുന്നുവെന്ന് സാഹിത്യകാരന്‍ കെ.പി രാമനുണ്ണി. ജമാഅത്തെ ഇസ്‌ലാമിയുമായി അഭിപ്രായവിത്യാസമുള്ളവരുമായി അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ആകര്‍ഷണീയമായിരുന്നു. ഇസ്‌ലാമിന്റെ മാനവികമായ മൂല്യങ്ങള്‍ ഓരോ നിമിഷവും അദ്ദേഹം പിന്തുടര്‍ന്നു പോന്നു.

ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)

ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസസാമൂഹ്യ പുരോഗതിക്കായി അക്ഷീണം യത്‌നിച്ച ശക്തനായ നേതാവിനെയും സാമുദായിക സൗഹാര്‍ദ്ദത്തിന്റെ വക്താവിനെയുമാണ് നഷ്ടമായിരിക്കുന്നത്. ഉത്തരേന്ത്യയിലെ ചേരികളിലും പുറംപോക്കുകളിലും ജീവിതം തള്ളി നീക്കുന്ന സാമൂഹ്യ പിന്നാക്കാവസ്ഥയുടെ അടിത്തട്ടിലെത്തിനില്‍ക്കുന്ന മുസ്‌ലിം സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളായ പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയവയുടെ പൂര്‍ത്തീകരണത്തിനായി നിരവധി പദ്ധതികളുമായി മുന്നോട്ട് വന്ന വിഷന്‍ 2016 ന് നേതൃത്വം നല്‍കിയ (ഇന്ന് വിഷന്‍ 2026) മഹദ് വ്യക്തിത്വമാണ് പ്രൊഫ. കെ.എ സിദ്ധീഖ് ഹസ്സന്‍. ഒട്ടനവധി ഗ്രാമങ്ങളെയും കുടുംബങ്ങളെയുമാണ് ഈ പദ്ധതി വഴി ശാക്തീകരിച്ചത്.

കേരളത്തില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ നിരവധി സന്ദര്‍ഭങ്ങളുണ്ട്. അതിലൊന്ന് മാറാട് കലാപ കാലത്ത് സംഘപരിവാര്‍ ആക്രമണത്തിന് ഇരയായ മുസ്‌ലിങ്ങളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ട, മാറാട്ടേക്ക് ആര്‍ക്കും പ്രവേശിക്കാനാവാത്ത സ്ഥിതിവിശേഷമുള്ള സമയം. ആ സന്ദര്‍ഭത്തില്‍ ധൈര്യ സമേതം മാറാട്ടേക്ക് കയറിച്ചെല്ലുകയും അവിടെയുള്ളവരെ സമാധാനത്തിന്റെ പാതയിലേക്കെത്തിക്കാനുള്ള സംഭാഷണങ്ങളുടെ തുടക്കം അരയ സമാജം ഓഫീസിലേക്ക് സിദ്ധീഖ് ഹസ്സന്‍ സാഹിബ് എത്തിയതായിരുന്നു. തുടര്‍ കലാപങ്ങളിലേക്ക് വഴിവെയ്ക്കാതെ സംഘര്‍ഷാന്തരീക്ഷത്തിന്റെ മഞ്ഞുരുക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് സിസ്തുലമായിരുന്നു. ഈ യാത്രയില്‍ സിദ്ധീഖ് ഹസ്സന്‍ സാഹിബിനൊപ്പം ഈയുള്ളവനും ഉണ്ടായിട്ടുണ്ട്.

സുനാമി ദുരന്ത സന്ദര്‍ഭത്തില്‍ ആലപ്പാട് കടലോരത്ത് സിദ്ധിഖ് ഹസ്സന്‍ സാഹിബായിരുന്നു ആദ്യമായി എത്തിയ പൊതുപ്രവര്‍ത്തകന്‍. അദ്ദേഹം അവിടെ എത്തിയ സന്ദര്‍ഭത്തില്‍ കൊല്ലം ജില്ലാ കലക്ടറെ തീരവാസികള്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. തീരദേശത്തെ ജനങ്ങളോട് സംസാരിച്ച് കലക്ടറെ അവിടെ നിന്ന് മുന്നോട്ട് പോകാനുള്ള സാഹചര്യം ഒരുക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. ആശുപത്രിയില്‍ മൃത ശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന സാഹചര്യമായിരുന്നു. അവിടെവെച്ച് നേരിട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിളിച്ച് സംസാരിക്കുകയും അടിയന്തിരമായ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.ആര്‍.ഡ ബ്ലു വളണ്ടിയര്‍മാരെ നിയോഗിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇച്ഛാശക്തിയായിരുന്നു. സാഹചര്യവും സന്ദര്‍ഭവും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സധൈര്യം തീരുമാനമെടുത്ത് നടപ്പാക്കാന്‍ അദ്ദേഹത്തെപ്പോലെ കഴിവുള്ള നേതാക്കള്‍ അപൂര്‍വ്വമാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുമായും മത സാമുദായിക നേതാക്കളുമായും ഉറ്റ സൌഹൃദം പുലര്‍ത്തിയിരുന്ന വ്യക്തികൂടിയാണ് അദ്ദേഹം. അത്തരം ബന്ധങ്ങളുള്ള പലരും അദ്ദേഹത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നതായി മനസിലാക്കാനാവും.കരിയര്‍ ഗൈഡന്‍സ് രംഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന സിജി അടക്കം നിരവധി പൊതു സംരഭങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശത്തിലൂടെ രൂപപ്പെട്ടതാണ്.

പി അബ്ദുല്‍ മജീദ് ഫൈസി (എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്)

പ്രഫ. കെ എ സിദ്ദീഖ് ഹസന്റെ വേര്‍പാടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. എഴുത്തുകാരന്‍, ഇസ്ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന കുടുംബാംഗങ്ങള്‍, പ്രസ്ഥാന പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നതായും മജീദ് ഫൈസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പി.കെ.പാറക്കടവ്

കെ.എ. സിദ്ദീഖ് ഹസന്‍ ഒരു പൂര്‍ണ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമായിരുന്നെന്ന് പ്രമുഖ എഴുത്തുകാരന്‍ പി.കെ.പാറക്കടവ് പറഞ്ഞു. നിസ്വാര്‍ഥ സേവകനായിരുന്നു സിദ്ദീഖ് ഹസനെന്ന് ഗള്‍ഫാര്‍ മുഹമ്മദലി അനുശോചിച്ചു. പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും സ്വന്തം താല്‍പര്യങ്ങള്‍ കലര്‍ന്നിരുന്നില്ല. അദ്ദേഹം പ്രതിനിധാനം ചെയ്ത സംഘടനക്കായി അദ്ദേഹത്തിന്റെ ആത്മാര്‍ഥ പ്രവര്‍ത്തനവും നേതൃത്വവും ഉണ്ടായിരുന്നു. മികച്ച സംഘടാനപാടവുമുള്ള അദ്ദേഹം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും എല്ലാവരെയും കൂടെകൂട്ടുകയും ചെയ്?തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡോ.ആസാദ് മൂപ്പന്‍

ധിഷണാശാലിയും പ്രതിഭാശാലിയുമായ നേതാവായിരുന്നു പ്രൊഫ. സിദ്ദീഖ്​ ഹസനെന്ന്​ ആസ്​റ്റർ ഗ്രൂപ്പ്​ ചെയർമാനും സോഷ്യൽ അഡ്വാൻസ്​മെൻറ്​ ഫൗണ്ടേഷൻ ഓഫ്​ ഇന്ത്യ (സാഫി) ചെയർമാനുമായ ഡോ. ആസാദ്​ മൂപ്പൻ. “ലളിതവും വിനീതവുമായ സ്വഭാവ മഹിമയിലൂടെ എല്ലാവരുടെയും ബഹുമാനവും പ്രശംസയും നേടാന്‍ അദ്ദേഹത്തിനായി.” – അദ്ദേഹം പറഞ്ഞു.

സാദിഖലി ശിഹാബ് തങ്ങള്‍

പ്രഫ.സിദ്ദീഖ് ഹസന്‍ സാഹിബ് വിട പറഞ്ഞു.എന്നും ഓര്‍മ്മിക്കാവുന്ന സേവനങ്ങള്‍ ചെയ്ത ഉജ്ജ്വല വ്യക്തിത്വം.റബ്ബിന്റെ കൃപാകടാക്ഷത്താല്‍ പരലോക ജീവിതം ധന്യമാകട്ടെ.

കെ.പി റെജി (കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി)

അവസാന ശ്വാസം വരെയും മാധ്യമത്തെ നെഞ്ചിനുള്ളില്‍ കൊണ്ടുനടന്ന മഹാനായ മനുഷ്യസ്‌നേഹിയാണ് സിദ്ദീഖ് ഹസനെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ.പി റെജി. ‘ അവസാന ശ്വാസം വരെയും മാധ്യമത്തെ നെഞ്ചിനുള്ളില്‍ കൊണ്ടുനടന്ന മഹാനായ മനുഷ്യസ്‌നേഹി. തൊഴിലുടമയെന്ന ഭേദമില്ലാതെ ഓരോ തൊഴിലാളിയെയും കൂടെച്ചേര്‍ത്തുനിര്‍ത്തിയ സമത്വഭാവം. തൊഴിലാളി, തൊഴിലുടമ ബന്ധം അടിമുടി മാറിയ നവ ഉദാരീകരണ കാലത്തും മാധ്യമത്തിലെ ഓരോ തൊഴിലാളിയും ഇന്നും നെഞ്ചില്‍ പേറി നടക്കുന്നത് ആ സ്‌നേഹരൂപത്തിെന്റ മാഹാത്മ്യം.’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles