Current Date

Search
Close this search box.
Search
Close this search box.

പാല ബിഷപ്പ്: മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

കോഴിക്കോട്: പാലാ ബിഷപ്പിന്റെ വര്‍ഗ്ഗീയ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ വിവാദം ചര്‍ച്ച ചെയ്യാനായി മുസ്‌ലിം സംഘടനകളുടെ യോഗം ഇന്ന് (ബുധന്‍) കോഴിക്കോട് വെച്ച് ചേരും. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തിലേക്ക് മുഴുവന്‍ മുസ്‌ലിം സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. യോഗത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. പാലാ ബിഷപ്പിന്റെ വിവാദത്തിന് പുറമെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്, സംവരണം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. സമസ്ത ഇ.കെ, സമസ്ത കാന്തപുരം വിഭാഗം, ജമാഅത്തെ ഇസ്ലാമി, വിവിധ മുജാഹിദ് സംഘടനകള്‍ എന്നിവയുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന മതമേലധ്യക്ഷന്മാരുടെ യോഗത്തില്‍ നിന്ന് മുസ്‌ലിം സംഘടനകള്‍ വിട്ടുനിന്നിരുന്നു. പാല ബിഷപ്പ് മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിക്കാതെ ഇത്തരത്തിലുള്ള യോഗത്തില്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് മുസ്‌ലിം സംഘടനകള്‍ ഐക്യഖണ്ഡേന തീരുമാനിച്ചിരുന്നത്.

അതേസമയം, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാളയം ഇമാം ഷുഹൈബ് മൗലവി,ഹുസൈന്‍ മടവൂര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാല ബിഷപ്പിന്റെ വര്‍ഗ്ഗീയ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധമറിയിച്ച് നേരത്തെ തന്നെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിരുന്നു. ബിഷപ്പിനെ ന്യായീകരിച്ച സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാടിനെയും സംഘടനകള്‍ എതിര്‍ക്കുകയും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും സംഘടനകള്‍ ഐക്യഖണ്ഡേന ആവശ്യപ്പെട്ടിരുന്നു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കോടതി വിധിയോടുള്ള സര്‍ക്കാരിന്റെ സമീപനത്തെ നേരത്തെ തന്നെ മുസ്ലിം സംഘടനകള്‍ എതിര്‍ത്തിരുന്നു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles