Current Date

Search
Close this search box.
Search
Close this search box.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു; സംസ്ഥാനത്തെ രണ്ടായി വിഭജിച്ചു

ന്യൂഡല്‍ഹി: ഭരണഘടനാ പ്രകാരം ജമ്മു കശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക പദവി മന്ത്രിസഭാ തീരുമാനം വഴി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് തീരുമാനം പ്രഖ്യാപിച്ചത്.
ലഡാക്, ജമ്മുകശ്മീര്‍ എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായാണ് വിഭജിക്കുക. എന്നാല്‍ ജമ്മുകശ്മീരിന് സംസ്ഥാന നിയമസഭയുണ്ടായിരിക്കും. പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് അമിത്ഷായുടെ പ്രഖ്യാപനം. ഭരണഘടനയുടെ 370ാം വകുപ്പാണ് റദ്ദാക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്നതാണ് 370ാം വകുപ്പ്.

തീരുമാനം വന്നതോടെ കശ്മീരില്‍ സുരക്ഷ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായ കഴിഞ്ഞ ദവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയും നിയന്ത്രണങ്ങളും ഒരുക്കിയിരുന്നു. അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടകരോടും വിനോദ സഞ്ചാരികളോടും ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളോടും സംസ്ഥാനം വിട്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ മൊബൈല്ഡ,ഇന്റര്‍നെറ്റ്,ലാന്റ് ഫോണ്‍ ബന്ധങ്ങള്‍ വിഛേദിച്ചിരുന്നു.

കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളായ മെഹ്ബൂബ മുഫ്തി,ഒമര്‍ അബ്ദുല്ല,സജാദ് ലോണ്‍ എന്നിവരെ വീട്ടുതടങ്കലിലാക്കിയിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പൊതുസ്ഥലത്ത് ഒരുമിച്ച് കൂടുന്നതും പൊതുയോഗം സംഘടിപ്പിക്കുന്നതും നിരോധിച്ചു. കോളേജുകളും സ്‌കൂളുകളും തിങ്കളാഴ്ചയും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അമിത് ഷായുടെ പ്രഖ്യാപനത്തിനു പിന്നാലെ ശക്തമായ പ്രതിഷേധവുമായി വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.

Related Articles