Current Date

Search
Close this search box.
Search
Close this search box.

മൂല്യങ്ങളെ ആദരിക്കലാണ് രാജ്യത്തിന്റെ പാരമ്പര്യം: എം.ഐ അബ്ദുല്‍ അസീസ്

ആലുവ: മൂല്യങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് രാജ്യത്തിന്റെ പാരമ്പര്യമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. സദാചാരത്തില്‍ നാം പാശ്ചാത്യരെ അനുഗമിക്കുന്ന സ്ഥിതിയാണ്. എന്നാല്‍ അവര്‍ തെറ്റുതിരുത്തി മടങ്ങുകയാണ്. സദാചാരം എന്നത് സ്ത്രീയെ ഒതുക്കാനല്ല, ശക്തിപ്പെടുത്താനുള്ളതാണെന്നും അത് സ്ത്രീക്കും പുരുഷനും ഒന്നു പോലെ ബാധകമാണെന്നും അമീര്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ‘സദാചാരം സ്വാതന്ത്ര്യമാണ്’ കാമ്പയിന്‍ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തോടും ജനങ്ങളോടുമുള്ള നിറഞ്ഞ ഗുണകാംക്ഷയാണ് ‘സദാചാരം സ്വാതന്ത്ര്യമാണ്’ കാമ്പയിന്‍. വലിയ ഒരു തിന്മയെ തിരുത്തലും ശരിയായ ദിശയിലേക്ക് വഴി കാണിക്കലുമാണ് ലക്ഷ്യം. സ്വാതന്ത്ര്യമെന്നാല്‍ എന്തുമാകാം, എങ്ങനെയുമാകാം എന്നായിരിക്കുന്നു. ഇത് സമൂഹത്തെ നാശത്തിലേക്ക് നയിക്കും. ശരിയായ ദിശയില്‍ ജീവിതത്തെ മുന്നോട്ട് നയിക്കാനും വഴി കാട്ടാനും നന്മകള്‍ നിലനില്‍ക്കണം. ഇന്ന് സദാചാരം എന്നത് വലിയ ചര്‍ച്ചയായിരിക്കുന്നു. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് പരമോന്നത കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍പോലും ഇതിനെ അറപ്പോടും വെറുപ്പോടുമാണ് നോക്കിക്കാണുന്നത്. ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന്റെ എല്ലാത്തരം മൂല്യങ്ങളെയും അപകടപ്പെടുത്തുമെന്നും അമീര്‍ പറഞ്ഞു.

പറയേണ്ടത് പറയേണ്ടിടത്ത് പറയുകയും ചെയ്യേണ്ടത് ചെയ്യേണ്ടിടത്ത് ചെയ്യുകയുമാണ് സദാചാരമെന്ന് അധ്യക്ഷ വഹിച്ച വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് എ. റഹ്മത്തുന്നിസ പറഞ്ഞു. നിയമങ്ങളും നിയന്ത്രണങ്ങളും ചേരുമ്പോഴാണ് സ്വാതന്ത്ര്യം പൂര്‍ണമാകുന്നതെന്നും അവര്‍ പറഞ്ഞു. മനോഹരമായ കുടുംബം നിലനില്‍ക്കുമ്പോഴേ സമൂഹത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകൂവെന്ന് കാമ്പയിന്‍ പ്രമേയം വിശദീകരിച്ച വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി. റുക്‌സാന അഭിപ്രായപ്പെട്ടു.

മഹിള കോണ്‍ഗ്രസ് സംസ്ഥാന ഐ.ടി സെല്‍ കോ- ഓഡിനേറ്റര്‍ ഷീബ രാമചന്ദ്രന്‍, ശിശുക്ഷേമ സമിതിയംഗം ഫരീദ അന്‍സാരി, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് സമദ് കുന്നക്കാവ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ശബീര്‍ കൊടുവള്ളി, ജി.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് അഫീദ അഹ്മദ്, എറണാകുളം ജില്ല വിങ്‌സ് പ്രസിഡണ്ട് മെഹനാസ് അശ്ഫാഖ് തുടങ്ങിയവര്‍ സംസാരിച്ചു.
കാമ്പയിനോടനുബന്ധിച്ച കൈപുസ്തകം സംസ്ഥാന സമിതി അംഗം ആമിന ഉമ്മു ഐമന്‍ പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് സഫിയ അലി ഉപഹാര സമര്‍പ്പണം നടത്തി. സംസ്ഥാന കൂടിയാലോചനാ സമിതിയംഗം പി.വി. റഹ്മാബി സമാപനം നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.വി. ജമീല സ്വാഗതവും ജില്ലാ പ്രസിഡണ്ട് റഫീഖാ ബീവി നന്ദിയും പറഞ്ഞു.

Related Articles