Current Date

Search
Close this search box.
Search
Close this search box.

പ്രവാസികളുടെ മടക്കം; സര്‍ക്കാര്‍ നിലപാട് വിവേചനപരമെന്ന് ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് തന്നെ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതിന് പിന്നില്‍ സംസ്ഥാനസര്‍ക്കാറിന്റെ വിവേചനപരമായ നിലപാടാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാറിന്റെ വന്ദേഭാരത് പദ്ധതി പ്രകാരം ഗള്‍ഫില്‍നിന്ന് പുറപ്പെടുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമല്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും യാത്രപുറപ്പെടുന്നവര്‍ക്കും ടെസ്റ്റ് നിര്‍ബന്ധമല്ല. എന്നാല്‍ കേരള സര്‍ക്കാറിന്റെ ആവശ്യപ്രകാരമാണ് സൗദിയിലെ ഇന്ത്യന്‍ എമ്പസി ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴി യാത്ര പുറപ്പെടുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. ഈ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. ഗള്‍ഫിലെ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്താല്‍ നാട്ടിലെത്താന്‍ തയ്യാറായ ആയിരങ്ങള്‍ ഇതുകാരണം ആശങ്കയിലാണ്.

സന്നദ്ധ സംഘടനകളെ ആവശ്യമില്ലെന്നും തങ്ങളുടെ നേതൃത്വത്തില്‍ മാത്രം കാര്യങ്ങള്‍ നടന്നാല്‍ മതിയെന്ന ധാര്‍ഷ്ട്യവുമാണ് സര്‍ക്കാറിന്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ നിര്‍മാണത്തില്‍ വലിയ പങ്കുവഹിച്ച പ്രവാസികളോട് സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാട് സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവരുടെ കോറന്റീന്‍, കോവിഡ് ടെസ്റ്റ് ചെലവുകള്‍ കമ്പനികളോ സന്നദ്ധ സംഘടനകളോ വഹിക്കണമെന്നതും അനീതിയാണ്. കേരളം പോലുള്ള സംസ്ഥാനത്ത് തങ്ങളുടെ പരിമിതികളെ കുറിച്ച യാഥാര്‍ഥ്യബോധം സര്‍ക്കാറിനുണ്ടാവണമെന്നും സന്നദ്ധ സംഘടനകളുടെ കൂടി സഹായത്തോടെയാണ് കേരളം ദുരന്തങ്ങളെ അതിജീവിച്ചതെന്നും എം. ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

Related Articles