Current Date

Search
Close this search box.
Search
Close this search box.

രാമക്ഷേത്രം; കോണ്‍ഗ്രസ് നിലപാട് രാജ്യത്തോടും മുസ്ലിം ന്യൂനപക്ഷത്തോടുമുള്ള വഞ്ചന -ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ബാബരിമസ്ജിദ് തകര്‍ത്ത ഭൂമിയില്‍ സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതിനെ പിന്തുണക്കുന്ന കോണ്‍ഗ്രസ് നിലപാട് സംഘ്പരിവാറിനെ ശക്തിപ്പെടുത്തുന്നതും കോണ്‍ഗ്രസിന്റെ തകര്‍ച്ചയിലേക്ക് നയിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പ്രസ്താവിച്ചു.

രാജ്യത്തെ തങ്ങളുടെ കൈപിടിയിലൊതുക്കാനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നത്. അതിനെ ചെറുത്തുതോല്‍പിക്കാന്‍ ബാധ്യതയുള്ള പ്രതിപക്ഷകക്ഷിയാണ് കോണ്‍ഗ്രസ്. പക്ഷെ കോണ്‍ഗ്രസ് നേതാക്കള്‍ സംഘ്പരിവാറിനെതിരെ മൃദുഹിന്ദുത്വവാദങ്ങളുയര്‍ത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ബാബരിഭൂമിയില്‍ തന്നെ ക്ഷേത്രമുയര്‍ത്തുന്നത് ഇന്ത്യയുടെ മതനിരപേക്ഷമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും അതിനെതിരാണ്. അധികാരത്തിന്റെ പിന്‍ബലത്തില്‍ സ്വന്തം അജണ്ട നടപ്പിലാക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്. അതിന് കീഴ്പ്പെടാതിരിക്കാനുള്ള അവസാന ശ്രമത്തിലാണ് ഇന്ത്യന്‍ ജനത. ഈ സാഹചര്യത്തില്‍ ക്ഷേത്രനിര്‍മാണത്തെ ആശീര്‍വദിക്കലും പിന്തുണക്കലുമാണ് കോണ്‍ഗ്രസ് നിലപാടെങ്കില്‍ അതിന്റെ അസ്തിത്വത്തിന് പ്രസക്തിയെന്താണുള്ളതെന്നും അബ്ദുല്‍ അസീസ് ചോദിച്ചു.

ഫാഷിസത്തോടും ഹിന്ദുത്വത്തോടുമുള്ള ജനങ്ങളുടെ കടുത്ത വിയോജിപ്പാണ് കേരളത്തിലടക്കം, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിക്കാന്‍ ആ പാര്‍ട്ടിയെ സഹായിച്ചത്. ആ പിന്തുണയെ തിരിഞ്ഞുകൊത്തുന്ന നിലപാടാണ് പ്രിയങ്ക ഗാന്ധിയടക്കമുള്ളവര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഫാഷിസം ശക്തിപ്പെട്ടതിന് ശേഷം മതേതര, ജനാധിപത്യ മനസാക്ഷിയുള്ള ജനങ്ങളും മുസ്ലിം,ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയുമാണ് കോണ്‍ഗ്രസിന്റെ നിലനില്‍പിനാധാരം. അതുകൊണ്ടുതന്നെ സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളും മതേതര പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുസ്ലിം ന്യൂനപക്ഷമടക്കമുള്ളവര്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ ചെറുക്കാനുള്ള ജനാധിപത്യ ബാധ്യത കോണ്‍ഗ്രസിനുണ്ട്. ഇക്കാര്യം വിസ്മരിച്ചുകൊണ്ട് സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് കൊണ്ടുനടക്കുന്ന മൃദുഹിന്ദുത്വ രാഷ്ട്രീയം വിവേകശൂന്യവും ആത്മഹത്യപരവുമാണെന്നും ജമാഅത്ത് അമീര്‍ പറഞ്ഞു.

Related Articles