Current Date

Search
Close this search box.
Search
Close this search box.

‘പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെ കേരളം ഒന്നിക്കുന്നു’- ബഹുജന സംഗമം 30ന്

കോഴിക്കോട്: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞും അസമില്‍ പൗരത്വപട്ടിക തയാറാക്കിയും പൗരന്‍മാരുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റമാണ് സംഘ്പരിവാര്‍ ഭരണകൂടം നടപ്പിലാക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉപാധ്യക്ഷന്‍ പി മുജീബ്റഹ്മാന്‍, സംസ്ഥാന സെക്രട്ടറിമാരായ ശിഹാബ് പൂക്കോട്ടൂര്‍, കളത്തില്‍ ഫാറൂഖ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

എല്ലാ പൗരാവകാശങ്ങളും റദ്ദ് ചെയ്ത കശ്മീരിലെ സ്ഥിതി അത്യന്തം ഗുരുതരമായി തുടരുകയാണ്. നേതാക്കളെ തടവിലാക്കിയും ജനങ്ങളെ ബന്ദികളാക്കിയും മാധ്യമങ്ങളെ അകറ്റിയും പോലിസും സൈന്യവും ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കശ്മീര്‍ ജനതയെ വേട്ടയാടുകയാണ്. സ്വാതന്ത്ര്യം നേടുന്ന സമയത്ത് ഇന്ത്യക്കൊപ്പം നിന്ന ജനതയെ മരണത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നില്‍ വംശീയ വിദ്വേഷമാണ് പ്രവര്‍ത്തിക്കുന്നത്.

പൗരത്വ പട്ടിക നടപ്പിലാക്കുന്നതലൂടെ വംശീയ ഉന്‍മൂലനമാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. പൗരത്വപട്ടികയ്ക്കു പുറത്തായ മുസ്ലിംകള്‍ മാത്രമാണ് ഭീഷണി നേരിടുന്നത്. മറ്റുള്ളവര്‍ക്ക് സംഘ്പരിവാര്‍ നേതാക്കള്‍ പ്രസ്താവനകളിലൂടെ സംരക്ഷണം ഉറപ്പുനല്‍കുന്നതിലൂടെ മുസ്ലിം സമുദായത്തെയാണ് ഉന്നമിടുന്നത് എന്ന കാര്യം വ്യക്തമാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വംശീയവും ഭാഷാപരവുമായ ധ്രുവീകരണത്തിന് ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാറിന്റെ പൗരാവകാശങ്ങള്‍ക്കുമേലുള്ള കയ്യേറ്റങ്ങള്‍ക്കെതിരെ എല്ലാവരും ഒന്നിച്ച് ചേര്‍ന്ന് സമരം നയിക്കേണ്ട സന്ദര്‍ഭമാണെന്നും ജമാഅത്ത് നേതാക്കാള്‍ പറഞ്ഞു.

ജനകീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി സെപ്തംബര്‍ 30ന് വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് വെച്ച് ‘പൗരത്വം: ഫാഷിസ്റ്റ് ഭീകരവാഴ്ചയ്ക്കെതിരെ കേരളം ഒന്നിക്കുന്നു’ എന്ന തലക്കെട്ടില്‍ ബഹുജന സംഗമം സംഘടിപ്പിക്കും. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സംഗമം കെ. മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി മലിക് മുഅ്തസിം ഖാന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.

അഡ്വ. കെ. എന്‍. എ ഖാദര്‍ എം.എല്‍.എ, എം.ഐ അബ്ദുല്‍ അസീസ്, ഡോ. എം. ജി. എസ് നാരായണന്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദ് വാണിയമ്പലം, ഒ. അബ്ദുര്‍റഹ്മാന്‍, ഡോ. പി. കെ പോക്കര്‍, ടി. ഡി രാമകൃഷ്ണന്‍, ഡോ. ഫസല്‍ ഗഫൂര്‍, കെ. പി രാമനുണ്ണി, പി. സുരേന്ദ്രന്‍, ടി. പി അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, കെ. അംബുജാക്ഷന്‍, പി. കെ പാറക്കടവ്, യു. കെ കുമാരന്‍, എന്‍. പി ചെക്കുട്ടി, എ. സജീവന്‍, പി. മുജീബ്റഹ്മാന്‍, സണ്ണി എം കപ്പിക്കാട്, ഗോപാല്‍ മേനോന്‍, കെ. കെ ബാബുരാജ്, മുസ്തഫ തന്‍വീര്‍. ഡോ. ജമീല്‍ അഹ്മദ്, അഫീദ അഹ്മദ്, നഹാസ് മാള, സാലിഹ് കോട്ടപ്പള്ളി, ജാബിര്‍ അമാനി, ശിഹാബ് പൂക്കോട്ടൂര്‍, കളത്തില്‍ ഫാറൂഖ്, ഫൈസല്‍ പൈങ്ങോട്ടായി എന്നിവര്‍ സംബന്ധിക്കും.

Related Articles