Current Date

Search
Close this search box.
Search
Close this search box.

രക്തസാക്ഷികളുടെ പേര് നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരെ ഐക്യപ്പെടുക: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്:രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച 387 സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പേര് നിഘണ്ടുവില്‍ നിന്ന് വെട്ടിമാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യം ഐക്യപ്പെടണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പ്രസ്താവിച്ചു. പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലബാര്‍ സമരനായകരായ ആലി മുസ്ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും വരെ വെട്ടിമാറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മഹത്തായ മലബാര്‍ സമരം സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ മുമ്പേ നടത്തിവരുന്ന ഗൂഢശ്രമങ്ങളുടെ തുടര്‍ച്ചയാണിത്.

ബ്രിട്ടീഷ് അധിനിവേശ കാലത്ത് രാജ്യത്തെ ഒറ്റുകൊടുത്ത് ഭരണകൂടത്തിന് ദാസ്യവേല നടത്തിയ സംഘ്പരിവാര്‍ ഫാഷിസ്റ്റുകള്‍ സാമ്രാജ്യത്വ ദാസ്യമാണ് ഇന്നും നടത്തുന്നത്. സവര്‍ക്കറും ഗോള്‍വാള്‍ക്കറുമെല്ലാം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സമരം ചെയ്ത് സമയം പാഴാക്കരുതെന്ന് ആഹ്വാനം ചെയ്ത നാളുകളില്‍ അതേ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പിലൂടെ രക്തസാക്ഷിത്വം വരിച്ച ദേശാഭിമാനികളാണ് മലബാര്‍ സമര പോരാളികള്‍.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മലബാര്‍ പോരാളികളുടെ ഉജ്ജ്വലമായ പോരാട്ടങ്ങളെ അവമതിച്ച് കാണിച്ച് ഇന്ത്യന്‍ ദേശീയതയിലുള്ള സ്വന്തം നാണക്കേട് മറച്ചുവെക്കാനാണ് സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള ഐ.സി.എച്ച്.ആറിന്റെ നീക്കം. മലബാര്‍ പോരാട്ടത്തിന് നൂറ് വര്‍ഷം തികയുന്ന വേളയില്‍ തന്നെ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ മലബാറിലെ പിന്‍തലമുറയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. അതേസമയം ചരിത്രത്തെ നിഷേധിക്കുക എന്ന ഫാഷിസ്റ്റ് അജണ്ടകളെ കൂടുതല്‍ ചരിത്രാവബോധത്തിലൂടെ ജനാധിപത്യ സമൂഹത്തിന് പ്രതിരോധിക്കാനാവണമെന്നും എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

Related Articles