Current Date

Search
Close this search box.
Search
Close this search box.

കോവിഡ്; പൊതുസമൂഹം ജാഗ്രത കൈവിടരുത്: എം.ഐ അബ്ദുല്‍ അസീസ്

കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളീയ സമൂഹം അതീവ ജാഗ്രത പുലര്‍ത്താനും വ്യക്തികള്‍ സന്നദ്ധ പ്രവര്‍ത്തകരായി മാറാനും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ആഹ്വാനം ചെയ്തു. രോഗവ്യാപനം തടയുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ അടക്കമുള്ള മുന്‍കരുതല്‍ ജനങ്ങള്‍ സ്വയം സന്നദ്ധരായി നടപ്പിലാക്കേണ്ടതുണ്ട്.

ദിവസം ചെല്ലുംതോറും അതിന്റെ ഗൗരവം ചോരാതെ സൂക്ഷിക്കണം. അതേസമയം അത്തരം നടപടികള്‍ ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴും ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് എത്തിച്ചേരാനാവാത്ത നിരവധി മേഖലകളുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചും സാമൂഹിക അകലം പാലിച്ചും അത്തരം മേഖലകളിലെ കെടുതികള്‍ കണ്ടറിയാനും ഏറ്റെടുക്കാനും പൊതു സമൂഹത്തിനാകണം.

സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടായിരിക്കെ തന്നെ ഭക്ഷണം ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന ധാരാളം പേരുണ്ടാവുക സ്വാഭാവികമാണ്. അത്തരക്കാരുടെ ഭക്ഷണമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കാനുള്ള ജാഗ്രതയും സന്നദ്ധതയും പൊതുസമൂഹത്തിനുണ്ടാകണം. അതിഥി തൊഴിലാളികളുടെ പ്രയാസത്തില്‍ കേരളീയ സമൂഹം പ്രത്യേകമായ ശ്രദ്ധ വെച്ചുപുലര്‍ത്തണം. അവര്‍ക്കനുയോജ്യമായ ഭക്ഷണ പദാര്‍ഥങ്ങള്‍ എത്തിച്ചും ആവശ്യമായ ബോധവല്‍ക്കരണം നടത്തിയും അവരെ ചേര്‍ത്തു പിടിക്കേണ്ടതുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ കക്ഷിമാല്‍സര്യങ്ങള്‍ക്കോ അവകാശവാദങ്ങള്‍ക്കോ യാതൊരു പ്രസക്തിയുമില്ല. സന്നദ്ധ സംഘടനകളും വ്യക്തികളും സാന്നിധ്യമറിയിക്കാനല്ല, പ്രശ്‌നപരിഹാരങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കേണ്ടത്. കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘങ്ങളും മാധ്യമങ്ങളും മത സംഘടനകളുമെല്ലാം അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും അബ്ദുല്‍ അസീസ് കൂട്ടിച്ചേര്‍ത്തു.

Related Articles