Current Date

Search
Close this search box.
Search
Close this search box.

ജമ്മുകാശ്മീര്‍; സര്‍ക്കാര്‍ നിലപാട് ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധം: ജമാഅത്തെ ഇസ്‌ലാമി

ന്യൂദല്‍ഹി: ജമ്മുകാശ്മീരിനുമേല്‍ എന്‍ ഡി എ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ സയ്യിദ് സാദത്തുല്ലാ ഹുസൈനി അഭിപ്രായപ്പെട്ടു. ജനങ്ങളുമായോ ജനപ്രതിനിധികളുമായോ ആവശ്യമായ സംവാദത്തിന് തയാറാവാതെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കാശ്മീരിന് ഭരണഘടന ഉറപ്പുനല്‍കുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ സര്‍ക്കാര്‍ നിലപാട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. ജനങ്ങളുടെ വികാരത്തെ മാനിക്കാന്‍ സര്‍ക്കാറിനായില്ല. കശ്മീര്‍ ജനതയ്ക്കുമേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഭീതി സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍.

വന്‍തോതില്‍ സൈനിക വിന്യാസം നടത്തിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചും ആശയവിനിമയ സൗകര്യങ്ങള്‍ നിഷേധിച്ചും നേതാക്കളെ ജയിലിടച്ചും ആ ജനതയുടെ മൗലികാവകാശത്തെയാണ് സര്‍ക്കാര്‍ റദ്ദ് ചെയ്തിരിക്കുന്നതെന്നും ജമാഅത്ത് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ബലപ്രയോഗത്തിലൂടെ സര്‍ക്കാര്‍ നിലപാട് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം രാജ്യത്തെ മുഴുവനും ദോഷകരമായി ബാധിക്കും.
ജമ്മൂകാശ്മീരിനെ വിഭജിക്കാനും പ്രത്യേകപദവി എടുത്തുകളയാനുമുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ ഉടന്‍ പിന്‍വാങ്ങണമെന്നും തടവിലിട്ട നേതാക്കളെ മോചിപ്പിക്കണമെന്നും ആശയവിനിമയ സൗകര്യങ്ങള്‍ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും സദാത്തുല്ലാ ഹുസൈനി കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു.

Related Articles