Current Date

Search
Close this search box.
Search
Close this search box.

പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി: പൊലിസ് നടപടിക്കെതിരെ വിദ്യാര്‍ത്ഥിപ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു-vedio

ന്യൂഡല്‍ഹി: പൗരത്വ ഭേദഗദി ബില്ലിനെതിരെ പ്രതിഷേധിച്ച ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പൊലിസും സംഘ്പരിവാര്‍ ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനം പ്രതിഷേധം അണപൊട്ടി. കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെല്ലാം ഡല്‍ഹി പൊലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ചും ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നിരത്തിലിറങ്ങി. ഡല്‍ഹി പൊലിസ് ആസ്ഥാനത്തിന് മുന്നില്‍ ഞായറാഴ്ച രാത്രി ആരംഭിച്ച ഉപരോധസമരം ഇപ്പോഴും തുടരുകയാണ്.

ഇന്ന് രാവിലെ ജാമിഅ മില്ലിയ്യ ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ടുകള്‍ ഊരിയെറിഞ്ഞാണ് പ്രതിഷേധിക്കുന്നത്. ദേശത്തെ രക്ഷിക്കൂ, ഭരണഘടന സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വിദ്യാര്‍ത്ഥികളൊന്നടങ്കം ഒറ്റക്കെട്ടായി സമരത്തില്‍ അണിനിരന്നത്.

പൗരത്വഭേദഗതി നിയമത്തിനെതിരായ ജാമിഅ മില്ലിയ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനുനേരെ ഞായറാഴ്ച വൈകീട്ടോടെയാണ് ഡല്‍ഹി പോലിസ് ക്രൂരമായി തല്ലിച്ചതച്ചത്. ക്യാംപസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ പൊലിസ് ലൈബ്രറിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു. ഗ്രനേഡെറിഞ്ഞും വെടിയുതിര്‍ത്തും വിദ്യാര്‍ത്ഥികളെ അടിച്ചോടിച്ചു. ലൈബ്രറി അടിച്ചു തകര്‍ക്കുകയും ചെയ്തു. പൊലിസിന്റെ കൂടെ യൂണിഫോമില്ലാതെ ഹെല്‍മറ്റിട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് അര്‍ധരാത്രി സമരം വീണ്ടും ശക്തമാവുകയും മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങുകയുമായിരുന്നു. പ്രതിഷേധം തിങ്കളാഴ്ച രാവിലെയും കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടമായാണ് സമരത്തില്‍ അണി ചേരുന്നത്.

കാംപസിനുള്ളില്‍ അതിക്രമിച്ചുകയറിയ പോലിസ് പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ആശുപത്രിയിലാണ്. പോലിസ് അതിക്രമിച്ചാണ് കാംപസില്‍ കടന്നതെന്നും താന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണെന്നും അറിയിച്ച് ജാമിഅ മില്ലിയ്യ വൈസ് ചാന്‍സലര്‍ പ്രസ്താവനയിറക്കി. രാജ്യത്തുടനീളം ഡല്‍ഹി പൊലിസിന്റെ നടപടിക്കെതിരേ പ്രതിഷേധം അലയടിക്കുകയാണ്. വിഷയത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.

updating…

Related Articles