Current Date

Search
Close this search box.
Search
Close this search box.

ഖഷോഗിയുടെ മൃതദേഹം കത്തിച്ചതാകാമെന്ന് റിപ്പോര്‍ട്ട്

അങ്കാറ: തുര്‍ക്കിയില്‍ വെച്ച് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം കത്തിച്ചതാകാമെന്ന നിഗമനവുമായി റിപ്പോര്‍ട്ട്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റ് ജനറലുടെ വസതിയില്‍ വെച്ച് വലിയ അടുപ്പില്‍ വെച്ച് കത്തിച്ചതാണെന്നാണ് അല്‍ജസീറ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തിയ അല്‍ജസീറ അന്വേഷണ ടീം പുറത്തുവിട്ട ഡോക്യുമെന്ററിയിലാണ് ഞെട്ടിക്കുന്ന വിരവങ്ങളുള്ളത്. ഞായറാഴ്ച രാത്രിയാണ് ഡോക്യുമെന്ററി പുറത്തുവിട്ടത്. സൗദി കോണ്‍സുലേറ്റിന് സമീപം വെച്ച് ഖഷോഗിയെ കൊന്നെന്നും തുടര്‍ന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ബാഗിലാക്കി കോണ്‍സുലിന്റെ വീടിനു പുറത്തെ വലിയ അടുപ്പിലിട്ട് കത്തിച്ചെന്നുമാണ് കണ്ടെത്തിയത്. സമാന അന്വേഷണം തന്നെയാണ് തുര്‍ക്കി അധികൃതരും കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുപ്പ് നിര്‍മിച്ച തൊഴിലാളിയുമായി അല്‍ജസീറ സംഘം അഭിമുഖം നടത്തിയിട്ടുണ്ട്. സൗദി കോണ്‍സുല്‍ അധികൃതരുടെ നിര്‍ദേശപ്രകാരമാണ് അടുപ്പ് നിര്‍മിച്ചതെന്ന് അദ്ദേഹം പറയുന്നതെല്ലാം ഡോക്യുമെന്ററിയില്‍ ഉണ്ട്. ലോഹങ്ങള്‍ ഉരുക്കാന്‍ ഉപയോഗിക്കുന്ന ആയിരം ഡിഗ്രി സെല്‍ഷ്യസ് ചൂടിലാണ് അടുപ്പ് നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

മൃതദേഹാവശിഷ്ടങ്ങള്‍ കടത്തിയ ബാഗും കത്തിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. കോണ്‍സുല്‍ ഓഫിസിനകത്ത് ഖഷോഗിയുടെ രക്തക്കറ തുര്‍ക്കി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഖഷോഗിയുടെ സുഹൃത്തുക്കള്‍,സുരക്ഷ ജീവനക്കാര്‍,രാഷ്ട്രീയക്കാര്‍ എന്നിവരെയെല്ലാം അഭിമുഖം നടത്തിയാണ് ഡോക്യുമെന്ററി തയാറാക്കിയത്. 2018 ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി എംബസിയില്‍ വെച്ച് ജമാല്‍ ഖഷോഗി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.

Related Articles