Current Date

Search
Close this search box.
Search
Close this search box.

കോട്ടയത്തെ ദുരന്തബാധിത പ്രദേശങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ സന്ദര്‍ശിച്ചു

കോട്ടയം: കോട്ടയത്തെ ദുരന്തബാധിത പ്രദേശങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ സന്ദര്‍ശിച്ചു. അസിസ്റ്റന്റ് അമീര്‍ പി മുജീബുറഹ്‌മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.

സര്‍ക്കാര്‍ അടിയന്തരമായി ദുരന്തത്തിലെ നഷ്ടങ്ങളുടെ കണക്കെടുക്കണമെന്ന് പി മുജീബുറഹ്‌മാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സഹായം വേഗത്തിലാക്കണം. ദുരിതബാധിതര്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്റെ സഹായം ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ആയിരക്കണക്കിന് ആളുകളാണ് അഭയാര്‍ത്ഥി ക്യാംപുകളിലുള്ളത്. ഭക്ഷണം, വസ്ത്രം, മരുന്നുകള്‍ അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇവിടങ്ങളില്‍ എത്രയും പെട്ടെന്ന് എത്തിക്കണം. നിരവധി ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഭാഗികമായും പൂര്‍ണമായും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവരുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇവയുടെ കണക്കെടുത്ത് സര്‍ക്കാര്‍ പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തണം-പി മുജീബുറഹ്‌മാന്‍ ആവശ്യപ്പെട്ടു.

പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന 53ഓളം കുടുംബങ്ങള്‍ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്നുണ്ട്. അവര്‍ വര്‍ഷങ്ങളായി പുറമ്പോക്കുഭൂമിയില്‍ വീട് കെട്ടി താമസിക്കുന്നവരാണ്. ഇപ്പോള്‍ പൂര്‍ണമായും വഴിയാധാരമായിരിക്കുകയാണവര്‍. അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന ഈ 53 കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്തി പുനരധിവസിപ്പിക്കുക പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും നയങ്ങളില്‍ കാതലായ മാറ്റം ആവശ്യമുണ്ട്.

2013ല്‍ മാധവ് ഗാഡ്ഗില്‍ കേരളീയ സമൂഹത്തിനും സര്‍ക്കാരിനും നല്‍കിയ മുന്നറിയിപ്പാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പശ്ചിമഘട്ടം തകരുകയാണ്. ആവാസവ്യവസ്ഥ തകര്‍ന്നുതരിപ്പണമായിക്കൊണ്ടിരിക്കുകയാണ്. കേരളം കടലിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു നേര്‍ത്ത പ്രദേശമാണ്. ഈ ഭൂപ്രദേശത്തിന്റെയും പശ്ചിമഘട്ടത്തിന്റെയും തകര്‍ച്ച വീണ്ടെടുക്കാന്‍ കഴിയാത്ത ദുരന്തത്തിലേക്ക് കേരളത്തെ കൊണ്ടെത്തിക്കും. ഓരോ ദുരന്തവും വരുമ്പോള്‍ ഉത്തരവാദപ്പെട്ട ആളുകള്‍ സന്ദര്‍ശിച്ച് ചില പ്രഖ്യാപനങ്ങള്‍ നടത്തുക എന്നതിലുപരിയായി ശാശ്വതമായി ഇത്തരം ദുരന്തങ്ങളില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ ആവശ്യമായ നയപരമായ മാറ്റങ്ങളും നടപടികളും പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണം-പി മുജീബ്റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles