Current Date

Search
Close this search box.
Search
Close this search box.

ജൈസലിന്റെ സേവനസമര്‍പ്പണത്തിന് കൈയടിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും

മലപ്പുറം: പ്രളയക്കെടുതിയില്‍ നാടും നഗരവും രൂക്ഷമായ ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ സന്നദ്ധസേവന പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ് മലയാളികളൊന്നാകെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്‍ സഹായപ്രവാഹങ്ങളാണ് ഒഴുകിയെത്തുന്നത്.

ദുരന്ത ഭൂമികളില്‍ നിന്നും മാനുഷിക നന്മയുടെ ഉറവ വറ്റാത്ത അപൂര്‍വ കാഴ്ചകള്‍ക്കും ഈ ദിനങ്ങളില്‍ നാം സാക്ഷിയായി. മലപ്പുറം ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളിയായ ജൈസലാണ് ഇപ്പോള്‍ അന്താരാഷ്ട്ര മീഡിയകളിലെയും സോഷ്യല്‍ മീഡിയകളിലെയും താരം.

മലപ്പുറം വേങ്ങര മുതലമാടില്‍ നിന്നും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ബോട്ടുമായി എത്തിയതായിരുന്നു ജൈസലും സുഹൃത്തുക്കളും. എന്നാല്‍ ഉയരമുള്ള ബോട്ടിലേക്ക് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കയറാനാവാതെ വന്നതോടെ രക്ഷാപ്രവര്‍ത്തകര്‍ ഒരു നിമിഷം സ്തംഭിച്ചു. ഉടനെ മുന്‍പിന്‍ ആലോചിക്കാതെ ജൈസല്‍ തന്റെ മുതുക് ചവിട്ടുപടിയാക്കി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നിരവധി സ്ത്രീകളും പ്രായമായവരുമാണ് ജൈസലിന്റെ മുതുകില്‍ ചവിട്ടി ബോട്ടിലേക്ക് കയറിയത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ജൈസല്‍ താരമായത്. അല്‍ജസീറയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വീഡിയോ അടക്കം ഇത് വാര്‍ത്തയാക്കി. മലയാള മാധ്യമങ്ങള്‍ക്കു പുറമെ ദേശീയ മാധ്യങ്ങളിലെല്ലാം ജൈസലിന്റെ സേവനം നിറഞ്ഞുനിന്നു. നിരവധി പേരാണ് ജൈസലിന്റെ പ്രവൃത്തിക്ക് പിന്തുണയുമായും സല്യൂട്ട് അര്‍പ്പിച്ചും രംഗത്തെത്തിയത്.

ദുരന്തമുഖത്ത് കൈമെയ് മറന്ന് ഏത് പ്രതിസന്ധികളും നേരിട്ട ജൈസല്‍ തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നുവെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.
ലോകമെമ്പാടുമുള്ളവര്‍ക്ക് മാതൃകയാണ് ജൈസലിന്റെ പ്രവൃത്തിയെന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കരുത്തും സേവനമനസ്‌കതയുമാണ് ഇത് കാണിക്കുന്നതെന്നും വിവിധ കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നു. താനൂര്‍ ചാപ്പപ്പടി സ്വദേശിയാണ് മത്സ്യത്തൊഴിലാളിയും സന്നദ്ധസേവനകനുമായ കെ.പി ജൈസല്‍.

Related Articles