Current Date

Search
Close this search box.
Search
Close this search box.

ഏറ്റവും മികച്ച സ്‌കൂളിനുള്ള ‘ലിറ്റില്‍ കൈറ്റ്സ്’ പുരസ്‌കാരം മര്‍കസ് ഫാത്തിമാബിക്ക്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും മികച്ച ‘ലിറ്റില്‍ കൈറ്റ്സ്’ പുരസ്‌കാരം മര്‍കസ് ഫാത്തിമാബി സ്‌കൂള്‍ കൂമ്പാറക്ക്. കൊല്ലം അഞ്ചാലുമൂട് ഗവ. എച്ച് എസ് സ് രണ്ടാം സ്ഥാനവും തിരുവനന്തപുരം കരിപ്പൂര്‍ ഗവ. എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി. കൈറ്റ് വൈസ് ചെയര്‍മാര്‍ ആന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍സാദത്ത് ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈ 5-ന് തിരുവനതപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ കൈമാറും.

ഒന്നാം സ്ഥാനം നേടിയ മര്‍കസ് ഫാത്തിമാബി സ്‌കൂളിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ അഭിനന്ദിച്ചു. ഗവണ്‍മെന്റിന്റെ എല്ലാ നിര്‍ദേശങ്ങളും നടപ്പിലാക്കി പഠന-പഠ്യേതര പ്രവര്‍ത്തനങ്ങളെ കാര്യക്ഷമതയോടെ സംയോജിപ്പിച്ചു കൊണ്ടുപോയതുകൊണ്ടാണ് മര്‍കസ് സ്‌കൂളിന് ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ നിയാസ് ചോലയാണ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍. സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായ നാസര്‍ ചെറുവാടി ഹയര്‍സെക്കണ്ടറി പ്രിസിപ്പലായും സേവനം ചെയ്യുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി 2060 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഹൈടെക് പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വിഭാവന ചെയ്തിരിക്കുന്നത്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്‌കൂള്‍ വിക്കി അപ്ഡേഷന്‍, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്‌കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനര്‍ഹരായവരെ തിരഞ്ഞെടുത്തത്. 2060 സ്‌കൂളുകളില്‍ നിന്നാണ് മര്‍കസ് സ്‌കൂളിനെ ഒന്നാമതായി തിരഞ്ഞെടുത്തത്.

Related Articles