Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് യു.എ.ഇ സന്ദര്‍ശിക്കും

അബുദബി: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് യു.എ.ഇ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നഫ്താലി ബെനറ്റ് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഉന്നതതല സന്ദര്‍ശനത്തിന് ബെനറ്റ് ഞായറാഴ്ച യാത്ര പുറപ്പെടുകയും, കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അന്നഹ്‌യാനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് ഓഫീസ് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം യു.എ.ഇ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അബ്രഹാം ഉടമ്പടിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം യു.എസ് മധ്യസ്ഥതയില്‍ ഇരുരാഷ്ട്രങ്ങളും ബന്ധം സാധാരണ നിലയിലാക്കിയിരുന്നു. ഈ ഉടമ്പടി ടൂറിസം, ബിസിനസ്സ് മുതല്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ വരെയുള്ള ഒരുകൂട്ടം കരാറുകള്‍ ഒപ്പവെക്കുന്നതിന് കാരണമായി. ഇറാനുമായുള്ള ആണവ ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍, സൈനികവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ച് ബെനറ്റ് ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യു.എ.ഇ-ഇസ്രായേല്‍ ബന്ധം ശക്തിപ്പെടുന്നത് മേഖലയില്‍ ഇറാന്റെ ആണവ വ്യാപനത്തെ സംബന്ധിച്ച ആശങ്ക പങ്കുവെക്കുന്നതാണ്. ഇറാന്‍ ആണവായുധം കൈവശം വെക്കുന്നത് തടയുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ആണവ പദ്ധതി തികച്ചും സമാധാന ഉദ്ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് ഇറാന്‍ ഊന്നിപ്പറഞ്ഞു. ഏതാനും ആഴ്ചകള്‍ മുമ്പ്, ഇറാനോട് കടുത്ത നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി യൂറോപ്, യു.എസ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ സഖ്യകക്ഷികളുമായി ഇസ്രായേല്‍ ഉന്നത നയതന്ത്രജ്ഞര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles