Current Date

Search
Close this search box.
Search
Close this search box.

ഷിരീന്റെ വിലാപയാത്രക്ക് നേരെയും ഇസ്രായേല്‍ പൊലിസിന്റെ മര്‍ദനം

ശൈഖ് ജര്‍റ: ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക ഷിരീന്‍ അബു അഖ്‌ലയുടെ വിലാപയാത്രക്ക് നേരെയും ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം. കിഴക്കന്‍ ജറൂസലേമിലെ പഴയ നഗരത്തിലേക്ക് അന്ത്യകര്‍മങ്ങള്‍ക്കായി ഷിരീന്റെ മൃതദേഹം കൊണ്ടുപോകുന്ന സമയത്താണ് ഇസ്രായേല്‍ പൊലിസ് അകാരണമായി അക്രമമഴിച്ചുവിട്ടത്. ആയിരങ്ങളാണ് വിലാപയാത്രയിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി എത്തിയത്.

അബു അഖ്‌ലയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് ശവസംസ്‌കാര ചടങ്ങിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച വിലാപയാത്രക്കാര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം ലാത്തി വീശുകയായിരുന്നു. ജറുസലേമിലെ പഴയ നഗരത്തിലേക്കുള്ള ജാഫ ഗേറ്റിന് സമീപം സൈന്യത്തിനെതിരെ പ്രതിഷേധിച്ച ഒരു പ്രതിഷേധക്കാരനെ ഇസ്രായേല്‍ സൈന്യം തടഞ്ഞു. മൗണ്ട് സിയോണ്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിലെ സെമിത്തേരിയില്‍ വെച്ചാണ് അന്ത്യ ചടങ്ങുകള്‍ നടത്തുന്നത്. ഇവിടെയാണ് ഇവരുടെ പിതാവിനെയും അടക്കം ചെയ്്തത്.

ഷരീന്‍ കൊല്ലപ്പെട്ട ജെനിനില്‍ നിന്നും നബ്‌ലസ്, റാമല്ല വഴി ജറൂസലേമിലേക്ക് മൃതദേഹം കൊണ്ടുവരുമ്പോള്‍ വഴിയിലുടനീളം ആയിരങ്ങളാണ് തെരുവുകളില്‍ എത്തിച്ചേര്‍ന്നത്. ‘ഇസ്രായേല്‍ സൈന്യം ഇപ്പോഴും തങ്ങളെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെന്ന്’ അഖ്‌ലയുടെ സഹോദരി ലിന അബു അഖ്‌ല പറഞ്ഞു. നമ്മുടെ രാജ്യത്ത് ഒരു ശവസംസ്‌കാരം പോലും സമാധാനമായി നടത്താന്‍ സമ്മതിക്കുന്നില്ല. ആശുപത്രിയിലേക്ക് പോകുന്ന വഴികളില്‍ നിരവധി ചെക് പോസ്റ്റുകളാണ് ഇസ്രായേല്‍ ഒരുക്കിയത്. ജഫ ഗേറ്റിലും ചര്‍ച്ചിന് സമീപത്തും ഫലസ്തീനികളുടെ കാറുകള്‍ അവര്‍ തടയുകയും പരമാവധി ആളുകളെ കുറക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്- ലിന പറഞ്ഞു.

ഈ ഭയാനകമായ ദുരന്തസമയത്ത് ഇപ്പോഴും അവര്‍ നിശബ്ദരാക്കാനും ആളുകളെ നമ്മോടൊപ്പം ചേരുന്നതില്‍ നിന്ന് തടയാനും അവരുടെ സ്‌നേഹവും പിന്തുണയും നല്‍കുന്നത് തടയാനുമാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്നും ലിന ആരോപിച്ചു.

Related Articles