Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവിന് പിന്നാലെ ഇസ്രായേല്‍ മന്ത്രിയും ഒമാനിലേക്ക്

മസ്‌കറ്റ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്നാലെ ഇസ്രായേല്‍ ഗതാഗത-ഇന്റലിജന്‍സ് മന്ത്രി യിസ്രായേല്‍ കാറ്റ്‌സും ഒമാനിലേക്ക്. അടുത്തയാഴ്ചയാണ് കാറ്റ്‌സ് ഒമാനില്‍ സന്ദര്‍ശനം നടത്തുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. അന്താരാഷ്ട്ര ട്രാന്‍സ്‌പോര്‍ടേഷന്‍ സമ്മേളനത്തിനു വേണ്ടിയാണ് കാറ്റ്‌സ് എത്തുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫ് അറബ് രാജ്യങ്ങളുമായും ഇസ്രായേലുമായും റെയില്‍പ്പാത നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞയാഴ്ച നെതന്യാഹു ഒമാനില്‍ രഹസ്യ സന്ദര്‍ശനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ കൂടെ ചാരസംഘടനയായ മൊസാദിന്റെ തലവനും മറ്റു ദേശീയ സുരക്ഷ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒമാനും ഇസ്രായേലും തമ്മില്‍ സാമ്പത്തികമായി ബന്ധമുണ്ടെങ്കിലും നയതന്ത്രപരമായി ബന്ധങ്ങളൊന്നും ഇല്ല. അറബ് രാജ്യങ്ങളില്‍ ഈജിപ്തുമായും ജോര്‍ദാനുമായും മാത്രമാണ് ഇസ്രായേലിന് നയതന്ത്ര ബന്ധമുള്ളത്. എന്നാല്‍ സൗദിയും ഇസ്രായേലും തമ്മില്‍ ഇത്തരത്തില്‍ നിരവധി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. നേരത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഒമാനിലെത്തിയിരുന്നു.

Related Articles