Current Date

Search
Close this search box.
Search
Close this search box.

ലോകത്ത് ആദ്യമായി മൂന്നാമത്തെ ഡോസ് വാക്‌സിനുമായി ഇസ്രായേല്‍

തെല്‍അവീവ്: ഫൈസര്‍-ബയോടെകിന്റെ കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് നല്‍കാനൊരുങ്ങി ഇസ്രായേല്‍. അറുപത് കഴിഞ്ഞവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്. ഇവര്‍ നേരത്തെ തന്നെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് നല്‍കുന്ന ആദ്യത്തെ രാജ്യമാണ് ഇസ്രായേല്‍. വ്യാഴാഴ്ച ഔദ്യോഗിക ടെലിവിഷനിലൂടെ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

രണ്ടാമത്തെ ഡോസ് എടുത്ത് അഞ്ച് മാസം പിന്നിട്ടവര്‍ക്കാണ് മൂന്നാമത്തെ ഡോസ് നല്‍കുക. ‘വാക്‌സിനുകള്‍ സുരക്ഷിതമാണെന്നാണ് യാഥാര്‍ത്ഥ്യങ്ങള്‍ തെളിയിക്കുന്നത്. ഗുരുതരമായ രോഗാവസ്ഥയില്‍ നിന്നും മരണത്തില്‍ നിന്നും വാക്‌സിനുകള്‍ സംരക്ഷിക്കുന്നുവെന്നത് തെളിയിച്ചതാണെന്നും ബെന്നറ്റ് പറഞ്ഞു. കാലാകാലങ്ങളില്‍ പുതുക്കേണ്ട ഫ്‌ളൂ വാക്‌സിന്‍ പോലെ, ഈ സാഹചര്യത്തില്‍ അതിന് സമാനമാണ് കോവിഡ് വാക്‌സിനെന്നും’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തന്നെ മുതിര്‍ന്നവര്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ സമ്പൂര്‍ണമായി വിതരണം ചെയ്ത് ഏറെ മുന്നിലെത്തിയ രാഷ്ട്രമാണ് ഇസ്രായേല്‍. ഇസ്രായേലിലെ 9.3 ദശലക്ഷം ജനസംഖ്യയില്‍ 57 ശതമാനം പേരും ഇതിനകം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ഫലസ്തീനികള്‍ക്ക് വാക്‌സിന്‍ നല്‍കാതെ വിവേചനം കാണിച്ചുവെന്ന ആരോപണവും ഇസ്രായേല്‍ നേരിട്ടിരുന്നു. മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷ നേടാനും വൈറസിന്റെ തീവ്രത കുറക്കാനുമാണ് മൂന്നാം ഡോസ് വാക്‌സിനെടുക്കാന്‍ ആവശ്യപ്പെടുന്നതെന്ന് നേരത്തെ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ ഫൈസര്‍ പറഞ്ഞിരുന്നു.

Related Articles