Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളുടെ 120 ചെമ്മരിയാടുകളെ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ മോഷ്ടിച്ചു

വെസ്റ്റ് ബാങ്ക്: ജനീന് തെക്ക് യഅ്ബദ് പട്ടണത്തിലെ ഫലസ്തീന്‍ ഇടയന്‍ ഇമാദ് ലുത്ഫി സുഹൈറിന്റെ 120 ചെമ്മരിയാടുകളെ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ മോഷ്ടിച്ചു. ചെമ്മരിയാടിന്‍ കൂട്ടത്തില്‍ നിന്ന് തന്നെ ബലം പ്രയോഗിച്ച് മാറ്റുകയും ആടുകളെ മോഷ്ടിക്കുകയും ചെയ്തു. യഅ്ബദിനടുത്തുള്ള ഫലസ്തീന്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച മെവോ ഡൊട്ടന്‍ സെറ്റില്‍മെന്റില്‍ നിന്നാണ് കുടിയേറ്റക്കാര്‍ വന്നത് -ഇമാദ് ലുത്ഫി പറഞ്ഞു. വഫാ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ മാസം, വടക്കന്‍ ജോര്‍ദാന്‍ താഴ്‌വരയില്‍ ഫലസ്തീനികളുടെ ആറ് പശുക്കളെ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ മോഷ്ടിച്ചിരുന്നു. ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ കുടിയേറ്റക്കാരുടെ ആക്രമണങ്ങളും അതിക്രമങ്ങളും വര്‍ധിച്ചുവരികയാണ്. പലപ്പോഴും കുടിയേറ്റക്കാര്‍ക്ക് ഇസ്രായേല്‍ അധിനിവേശ സേനയുടെ സംരക്ഷണവും സഹായവും ലഭിക്കുന്നുണ്ട്. യു.എന്നും വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഇസ്രായേലിന്റെ നിയമലംഘനങ്ങളെ അപലപിച്ചെങ്കിലും, ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ തയാറായിട്ടില്ല -മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles