Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബെന്നി ഗാന്റ്‌സിനെ പിന്തുണക്കുമെന്ന് അറബ് സഖ്യം

തെല്‍അവീവ്: സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ത്രിശങ്കു നിലനില്‍ക്കുന്ന ഇസ്രായേലില്‍ നെതന്യാഹുവിനെ താഴെയിറക്കാന്‍ എല്ലാവിധ ശ്രമങ്ങളുമായി അറബ് ജോയിന്റ് ലിസ്റ്റ്. തെരഞ്ഞെടുപ്പില്‍ മൂന്നാമത്തെ വലിയ കക്ഷിയായ അറബ് പാര്‍ട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റ് ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയെ പിന്തുണക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയായി ഗാന്റ്‌സിനെ അംഗീകരിക്കുമെന്ന് ജോയിന്റ് ലിസ്റ്റ് അറിയിച്ചു.

കഴിഞ്ഞ ദിവസം പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രധാന പാര്‍ട്ടികളായ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്കും പ്രധാന എതിരാളിയായ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇരു പാര്‍ട്ടികളും സംയുക്തമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് നെതന്യാഹുവും ഗാന്റ്‌സും വാശി പിടിച്ചതോടെയാണ് അറബ് സഖ്യം ഗാന്റ്‌സിന് പിന്തുണയുമായി രംഗത്തെത്തിയത്.

27 വര്‍ഷത്തെ നെതന്യാഹുവിന്റെ ഭരണം അവസാനിപ്പിക്കണമെന്നും അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥിയെയല്ല തങ്ങള്‍ അംഗീകരിക്കുന്നതെന്നും അറബ് സഖ്യമായ ജോയിന്റ് ലിസ്റ്റ് നേതാവ് അയ്മന്‍ ഓദ പറഞ്ഞു. ഗാന്റ്‌സിന്റെ രാഷ്ട്രീയത്തെയോ നയത്തെയോ അംഗീകരിക്കുക എന്നതല്ല ഇതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം അറിയിച്ചു.

Related Articles