Current Date

Search
Close this search box.
Search
Close this search box.

കരാര്‍ ഒപ്പിട്ടതിനു പിന്നാലെ ഗസ്സയില്‍ ബോംബ് വര്‍ഷിച്ച് ഇസ്രായേല്‍

ഗസ്സ സിറ്റി: ചരിത്രപ്രാധാന്യമുള്ള യു.എ.ഇ,ബഹ്‌റൈന്‍ രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെ ഗസ്സ മുനമ്പില്‍ ബോംബ് വര്‍ഷിച്ച് സയണിസ്റ്റ് ഭരണകൂടം. ചൊവ്വാഴ്ച രാത്രിയാണ് ഉപരോധ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ നടത്തിയത്.

ഫലസ്തീന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ‘വഫ’യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ ഗസ്സയിലെ ബെയ്ത് ലാഹിയയിലാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ആക്രമണത്തെത്തുടര്‍ന്ന് മേഖലയില്‍ നിന്നും തീയും പുകയും ഉയരുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തില്‍ പ്രതികരണവുമായി ഗസ്സ മുനമ്പിനെ നിയന്ത്രിക്കുന്ന ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് രംഗത്തെത്തി. ‘ഞങ്ങളുടെ ആളുകള്‍ക്കോ പ്രതിരോധ സൈറ്റുകള്‍ക്കോ നേരെയുള്ള ഏത് ആക്രമണത്തിനും ഇസ്രായേല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും, ഞങ്ങളുടെ പ്രതികരണം നേരിട്ടായിരിക്കുമെന്നും’ ഹമാസ് പ്രതികരിച്ചു.

അധിനിവേശം അതിന്റെ ആക്രമണം തുടരുന്നിടത്തോളം കാലം ഞങ്ങള്‍ പ്രതികരണവും ചെറുത്തുനില്‍പ്പും വര്‍ദ്ധിപ്പിക്കുകയും വിപുലമാക്കുകയും ചെയ്യുമെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ചൊവ്വാഴ്ച വാഷിങ്ടണില്‍ വെച്ചാണ് യു.എ.ഇ,ബഹ്‌റൈന്‍ രാഷ്ട്ര നേതാക്കള്‍ ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. ട്രംപിന്റെ നേതൃത്വത്തിലായിരുന്നു കരാര്‍. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി,ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരാണ് പരസ്പരം കരാറില്‍ ഒപ്പുവെച്ചത്. കരാറിനെതിരെ ഫലസ്തീനിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.

ആദ്യമായിട്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത്. പശ്ചിമേഷ്യയിലെ കൂടുതല്‍ രാജ്യങ്ങള്‍ യു.എ.ഇക്കും ബഹ്‌റൈനും പിന്നാലെ ഇസ്രായേലുമായി ബന്ധം പുന:സ്ഥാപിക്കും എന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്. ഇതിനായി കൊണ്ടുപിടിച്ച ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നത്. നേരത്തെ ഈജിപ്ത്,ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ മാത്രമാണ് ഇസ്രായേലുമായി നയതന്ത്രം ബന്ധം സ്ഥാപിച്ചിരുന്നത്.

Related Articles