Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്-സൗദി അതിര്‍ത്തി തുറന്നു; 30 വര്‍ഷങ്ങള്‍ക്ക് ശേഷം

റിയാദ്: സൗദി അറേബ്യയും ഇറാഖും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന അര്‍ആര്‍ ക്രോസിങ് പോയിന്റ് 30 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു നല്‍കി. വ്യാപാര നീക്കങ്ങള്‍ക്കായാണ് ബുധനാഴ്ച മുതല്‍ തുറന്നുനല്‍കിയതെന്ന് ഇറാഖി ബോര്‍ഡര്‍ പോര്‍ട്‌സ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇറാഖ് ആഭ്യന്തര മന്ത്രാലയം, ഇറാഖിലെ സൗദി അംബാസിഡര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം അര്‍ആര്‍ അതിര്‍ത്തിയിലെത്തി ഔദ്യോഗിക യാത്ര നടത്തി. സൗദിയില്‍ നിന്നുള്ള ഉന്നത സംഘവും അതിര്‍ത്തിയിലെത്തിയിരുന്നു. ചരക്കു ഗതാഗതത്തിനും ജനങ്ങള്‍ക്കും അതിര്‍ത്തി ഉപയോഗിക്കാമെന്ന് സൗദി അറിയിച്ചു. അതിര്‍ത്തി തുറന്നതോടെ ബുധനാഴ്ച രാവിലെ മുതല്‍ തന്നെ അതിര്‍ത്തി കടക്കാനായുള്ള ചരക്ക് വാഹനങ്ങളുടെ നീണ്ടനിര ഉണ്ടായിരുന്നു.

1990ല്‍ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശത്തെത്തുടര്‍ന്നാണ് അര്‍ ആര്‍ അതിര്‍ത്തി സൗദി അടച്ചിരുന്നത്. കുവൈത്ത് ആക്രമണത്തെത്തുടര്‍ന്ന് സൗദിയും ഇറാഖും തമ്മില്‍ എല്ലാ ബന്ധവും വിഛേദിച്ചിരുന്നു. 2003ല്‍ അമേരിക്കയുടെ അധിനിവേശവും സദ്ദാം ഹുസൈന്റെ തൂക്കിലേറ്റുന്നതും വരെ ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ഉറച്ചുനിന്നു. പിന്നീട് ഇറാഖില്‍ അധികാരത്തിലേറിയ ഭരണകൂടത്തിന് തങ്ങളുടെ എതിരാളികളായ ഇറാന്റെ ഷിയ ആധിപത്യമുണ്ടെന്നാണ് സൗദി സംശയത്തോടെ നോക്കിക്കണ്ടിരുന്നത്.

2017ല്‍ സൗദി വിദേശകാര്യ മന്ത്രി ദശാബ്ദങ്ങള്‍ക്ക് ശേഷം ഇറാഖ് സന്ദര്‍ശിക്കുകയും ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയുമാണ് ഇരു രാജ്യങ്ങളും തമ്മില്‍ മഞ്ഞുരുക്കമുണ്ടായത്. 2017ല്‍ തന്നെ അര്‍ ആര്‍ അതിര്‍ത്തി തുറക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ അമേരിക്കയുടെ പിന്തുണയും ഇരു രാജ്യങ്ങള്‍ക്കുമുണ്ടായിരുന്നു.

Related Articles