ബാഗ്ദാദ്: മുസ്‌ലിം ബ്രദര്‍ഹുഡിനെ തങ്ങള്‍ ഒരു തീവ്രവാദ സംഘടനയായി കണക്കാക്കുന്നില്ലെന്ന് ഇറാഖ് അറിയിച്ചു. അല്‍ അറബിയ്യ-അല്‍ ഹദാത് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഇറാഖ് പ്രധാനമന്ത്രിയുടെ വക്താവ് അഹ്മദ് മുല്ലയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ചത്. ബ്രദര്‍ഹുഡിനെ തങ്ങള്‍ ഒരു ഭീകരസംഘമായി കണക്കാക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തെ നാല് പാര്‍ലമെന്റ് സ്പീക്കര്‍മാരും ആ സംഘടനയില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ബ്രദര്‍ഹുഡ് ഇറാഖിലെ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണെന്നും രാജ്യത്തിന്റെ ഭരണഘടന രൂപപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പൗരന്മാര്‍ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ഭരണകൂടത്തിനെതിരെ ആയുധമെടുക്കുകയോ ചെയ്തതിനു ശേഷമാണ് ഇറാഖിലെ തീവ്രവാദ പട്ടികയില്‍ ഏതെങ്കിലും ഗ്രൂപ്പിനെ ഉള്‍പ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതായി വോട്ട് ചെയ്യാനുള്ള ഈജിപ്തിന്റെ അഭ്യര്‍ഥനയെ കഴിഞ്ഞയാഴ്ച ഇറാഖ് ദേശീയ സുരക്ഷാ സമിതി തള്ളിയിരുന്നു. നിലവില്‍ ഈജിപ്തിലും യു.എ.ഇയിലുമാണ് മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ടിനോട് ഈജിപ്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.