Current Date

Search
Close this search box.
Search
Close this search box.

രണ്ടാം വിവാഹത്തിന് ലോണ്‍ നല്‍കി ഇറാഖി ബാങ്ക്; ഒടുവില്‍ വിവാദം

ബാഗ്ദാദ്: ബാങ്കിന്റെ പ്രൊമോഷനായി വ്യത്യസ്തമായ പരസ്യം നല്‍കി പൊല്ലാപ്പിലായിരിക്കുകയാണ് ഇറാഖിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റഷീദ് ബാങ്ക്. രണ്ടാമത് വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ലോണ്‍ ആയി 10 മില്യണ്‍ ദിനാര്‍ (8400 ഡോളര്‍) നല്‍കുമെന്നാണ് ബാങ്ക് പരസ്യം നല്‍കിയത്. രണ്ടാമത്തെ വിവാഹത്തിനായി വായ്പ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി ആളുകള്‍ ബാങ്കിനെ ബന്ധപ്പെടുന്നത് കാരണമാണ് ഇത്തരത്തില്‍ ലോണ്‍ നല്‍കാന്‍ തീരുമാനിച്ചതെന്നാണ് റഷീദ് ബാങ്ക് വക്താവ് അമല്‍ അല്‍ ഷുവൈലി പറഞ്ഞത്. ലണ്ടന്‍ ആസ്ഥാനമായ അല്‍ ഖുദ്‌സ് അല്‍ അറബിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, സര്‍ക്കാര്‍ ജോലിയുള്ള പുരുഷന്മാര്‍ക്കാണ് രണ്ടാം ഭാര്യയെ വിവാഹം കഴിക്കാന്‍ ലോണ്‍ കൊടുക്കുന്നത് എന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ പരസ്യം പുറത്തുവന്നതോടെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും ഉയരാന്‍ തുടങ്ങി. സാമൂഹ്യ മാധ്യമങ്ങളില്‍ ബാങ്കിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തുവന്നു. ഇറാഖ് സമൂഹത്തെ തകര്‍ക്കുന്നതിനുള്ള ഒരു നടപടിയാണ് ബാങ്കിന്റെ പരസ്യമെന്ന് ആരോപിച്ച് ചില രാഷ്ട്രീയക്കാരും രംഗത്തെത്തി. രണ്ടാം വിവാഹത്തെ പിന്തുണയ്ക്കാന്‍ റഷീദ് ബാങ്ക് നല്‍കിയ വായ്പ ശരിയായി വിലയിരുത്തിയിട്ടില്ലെന്നും രണ്ടാം തവണ വിവാഹം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുപകരം ജോലി കണ്ടെത്താന്‍ യുവാക്കളെ സഹായിക്കുന്നതിനാണ് ബാങ്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിച്ചു.

Related Articles