Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ ആവശ്യം നിരസിച്ച് ഇറാന്‍ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടര്‍ തീരം വിട്ടു

ലണ്ടന്‍: കഴിഞ്ഞ മാസം ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടര്‍ കടല്‍തീരം വിട്ടു. കപ്പല്‍ പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ വാറണ്ട് നിരസിച്ചാണ് എണ്ണക്കപ്പല്‍ തീരം വിട്ടത്. 43 ദിവസത്തെ കസ്റ്റഡിക്കു ശേഷം കപ്പലിനെ മോചിപ്പിക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ഇറാന്‍ കപ്പല്‍ യാത്രയായത്. ജൂലൈ നാലിനായിരുന്നു യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ചുവെന്നാരോപിച്ച് ബ്രിട്ടീഷ് റോയല്‍ മറൈന്‍ ഇറാന്‍ കപ്പല്‍ കസ്റ്റഡിയിലെടുത്തത്. സിറിയയിലേക്ക് എണ്ണ കൊണ്ടുപോകുന്ന ചരക്കുകപ്പലായിരുന്നു ഇത്. എന്നാല്‍ കപ്പല്‍ പിടിച്ചെടുക്കുമെന്ന് കഴിഞ്ഞ ദിവസം യു.എസ് ഉത്തരവിട്ടിരുന്നു.

ഇറാന്റെ സൈന്യമായ ഐ.ആര്‍.ജി.സിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യു.എസ് നീതിന്യായ വകുപ്പ് കപ്പല്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ചിരിന്നത്. ജിബ്രാള്‍ട്ടന്‍ കോടതിയുടെ വ്യവസ്ഥകള്‍ അംഗീകരിച്ചതിനു ശേഷമാണ് കപ്പല്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടല്‍പാതയിലൂടെ ഗ്രീസിലേക്ക് തിരിച്ചത്. ‘ഗ്രേസ് 1’ എന്ന പേര് മാറ്റുകയും എണ്ണ സിറിയക്കു കൈമാറുകയില്ലെന്നുമടക്കമുള്ള വ്യവസ്ഥകള്‍ പാലിക്കാമെന്ന ഉറപ്പിലാണ് കപ്പല്‍ വിട്ടയച്ചത്.

Related Articles